ചൊക്ളി (നോവല്‍ – 80): എച്മുക്കുട്ടി

വെങ്ങ്ട്ടു സാമി ഡോക്കിട്ടറ്‌ടെ കാര്യാകെ കഷ്ടത്ത്‌ലായി. പെമ്മക്കള് ഇഞ്ചിനീരായി അമോരിക്കേലെങ്ങാണ്ടാണ്. സായ്പ്പ്ങ്ങളാ ബർത്താക്കമ്മാര്ന്ന് സാമിയന്നേ പറയേ. ഇബടെ വര്മ്പളാണ് എല്ലരും അവറ്റിങ്ങളെ തുറിച്ചോക്കാ.. അപ്പോ അവറ്റ ആകനെങ്ങട് ചോക്കും. കാണാൻ വല്യ മടുത്തോന്നും ല്യ. ഒര് യാതി നരച്ച നെറോം നീലക്കണ്ണും നല്ല പൊക്കോം.

അവറ്റിങ്ങള്ടെ മക്കള് ഒര് യാതി വെള്പ്പാ പിന്നെ പൂച്ചക്കണ്ണും. രണ്ട് പെങ്കുട്ട്യോളെ ന്നെയ്യാണ്. എല്ലാ കൊല്ലോം വരും.. എടയ്ക്ക് സാമി അമ്മ്യാരേം കൂട്ടിട്ട് അമോരിക്കേല് പോയിണ്ട് വരും. അപ്പള് വീട് കാവല് ചൊക്ളീം പപ്പിനിം ണ്.

തെര്ഞ്ഞ്ട്ക്കല് കയിഞ്ഞിട്ടാ സാമീം അമ്യാരും പോയീത്. മടങ്ങീറ്റ് വന്ന്ത് സാമി മാത്തറണ്. അമ്മ്യാര് മരിച്ച്…ദേകത്ത്ന് വെതല്ലാണ്ടായി..മൂന്നാലീസം കെട്ന്ന് മരിച്ചാ പോയി..

സാമീരെ കണ്ണ്ല് വെള്ളം പൊട്ട്ണ്ടാർന്നു. ചൊക്ളിക്ക് വെസനം വന്ന്. നല്ലൊരമ്മ്യാരാരുന്നു. സന്തോഷായിട്ട് ചിറിച്ച് വർത്താനം പറേം. മോരോ തൈരോ മര്ന്നോ എത് പാത്‌ര നേരത്ത് ചെന്നാലും മോറ് കേറ്റിപ്പിടിക്കാണ്ട് ഇട്ത്താ തരും. മറ്റമ്മ്യാമ്മാര് പറേണ പോലേ ഞങ്ങട മടത്ത്ല്, ഞങ്ങ്ടെ അട്ക്കള്ള് എന്നൊന്നും പറേല്യ. നമ്മ്ടെ മഡം, നമ്മ്ട് ബശ്ശണം, നമ്ക്ക് കയിക്കാന്നൊക്കെ പറഞ്ഞ് നമ്മള് ഒപ്പാന്ന പോല്യാ തോന്നിപ്പിക്ക്യാ. വയസ്സിന് മൂത്തോരെ ഒക്കെം യാതി നോക്കാണ്ടന്നെ ചേച്ചീന്നും ചേട്ടാന്നും വിളിക്കൊള്ളോ..

അത്‌ണ് നല്ലോരെ ഒക്കീം തമ്പ്‌രാൻ നേരാവണേന് മുപ്പാടന്നെ കൊണ്ടാവും.

സാമീ ങ്ങനേണ് കുടുമ്മസ്രീൽത്തെ ബശ്ശണം കയിച്ചൊടങ്ങീത്. ഒരു പണീട്ക്കാണ്ട് സിന്മേം കണ്ട്ട് സിലിമ്മക്കാരനാവണംന്ന് പറ്ഞ്ഞലഞ്ഞേര്ന്ന ലില്ലീരേ മോൻ സന്തൂനെ പെണ്ണങ്ങള് അങ്ങട്ട് പിട്ച്ച് പണിക്കാക്കീന്ന്. സാമിക്ക് ചായേം പലാരോം ഊണും ഒക്കെ കൊട്ക്കലായി..’ൻറെമ്മച്ച്യേ, ഞായോരു കലാകാരന്ണ്.. എന്നേലും സിന്മാലോകം എന്നെ അറീം..ന്നെ ഒര് ചോറ്‌ കാരനാക്കര്ത് ‘ന്നൊക്കെ അവൻ ഓളീട്ടു. ലില്ലി ജീവസ്സ്ണ്ട് ങ്ങേ സമ്മേയ്ച്ച്ല്ല.

കുടുമ്മസ്രീയോളിലെ ഊണണ് കോടംകര ആസ്പത്ത്‌രീലും കിട്ടണേ..കൊറേ പെണ്ണങ്ങളായി ഇപ്പോ കുടുമ്മസ്രീല്. കാല് ഏന്തക്കല്ലെങ്കേ ചൊക്ളി വണ്ടീര്ട്ത്ത് പോയേനേം..വെശക്കണോര്ക്ക് ചോറ് ത്തിക്കണ് നല്ല കാര്യല്ലേ..

വെള്ളാമ്പിച്ച മേത്തമ്പള്ളീരെ അവ്ടേണ് ആദിക്ക് പശെർച്ചി തിന്നണോര്ക്ക് പന്നിഎർച്ചീ തിന്നൂടേന്ന് ആരാണ്ട് എയ്തീത്. പിന്നവടെം ഇവടേം ഒക്കേണ്ടായീ ആ എയ്ത്ത്. മേത്തമ്മാര് പന്നിഎർച്ചീ തിന്ന്ല്ല. അവര് ഒച്ചീം വിളീം ഇട്ക്കാനണ് ആ എയുത്ത് വന്നേന്ന് പള്ളീല് മൊയ്തീൻ കാജി പറ്ഞ്ഞു. മിണ്ടാണ്ടിരിക്കണന്ന് പള്ളീക്കൂട്യ എല്ലരോടും പറ്ഞ്ഞു. മൊയ്തീൻ കാജിക്ക് ലായില്ലാഹ്…വിളിക്കണ ആളേലും കുറാൻ പറേണ ആളേലും ഒക്കെ സ്താനാ പള്ളീല്..

തല്ല്ണ്ടാക്ക്‌ര്ത്..മറന്നളാന്നാ കാജി പറേള്ളോ. ആ കോളേജ് മാഷ്ടെ കൈ വെട്ടീപ്പളും പറ്ഞ്ഞു. അദ് മേത്തമ്മാര്‌ക്ക് പറ്ഞ്ഞ്തല്ലാന്ന്. മേത്തമ്മാര് എന്തിറ്റണ് ചിയ്യണ്ടത് ന്ന് ശരിക്കനേ അറ്യാത്ത കൊറേ മേത്തമ്മാര് ണ്ട്..അവരണ് ങ്ങനെ കാട്ടണേന്നാ മൊയ്തീൻ കാജീരേ പറ്ച്ച്ല്.

എന്തിറ്റാച്ചാലും അത് മ്മെ വയക്ക് പൊട്ടീല്ല. അദ് നന്നേയി.

ഇന്നാലും പശെർച്ചി ഒര് കൊയപ്പായി വര്ണ്ടേര്ന്ന്. ഇബടെത്തെ ഇന്തുത്തം പറേണ നായമ്മാരും ചോമ്മാരും ഒക്കേം തിന്നും പശുനേം കാളേനും എരുമേനേം പോത്തിനേം ഒക്കേ. ന്ന്ട്ട് വടക്ക് രാജ്യത്ത് ത്‌ന്ന്ല്ലാന്നും പറഞ്ഞ് മേത്തമ്മാരെ മെക്കിട്ട് കേറാ..

ഓരോ അലമ്പ് കള്യോള്.. ഏതേരോം പശൂം ചാണോം മൂത്രോം ന്നെ..എന്തിറ്റ് പറയാൻണ്.

അയിൻറെടേല് ണ് എവിട്യാണ്ട് ഒര് അണ കെട്ടീട്ട്ണ്ട്. അത് ഇപ്പളാ പൊട്ടുന്ന് പറഞ്ഞ് മന്ത്‌രി മാരന്നെ പേട്യാക്കല്. അത് പൊട്ടിയാ എല്ലരും ചാവുന്ന്..

പപ്പിനി പറയ്യേ, എല്ലരും ചാവണാങ്കേ നല്ലതല്ലേ.. അവൻ പോയീലോ അവള് പോയീലോന്ന് പിന്നെ ഓളിടണ്ടല്ലോ.

ജക്കുൻറെം പപ്പിനീരേം രവ്യേട്ടൻറേം പേരിട്ടു വളത്തണ എല്ല മരത്ത്നോടും വല്യ ഇഷ്ടണ് ചൊക്ളിക്ക്. പൂവരശായ്യാലും മുര്ക്കായ്യാലും കൈനി ആയ്യാലും ഭേദല്യാ….

മരങ്ങള് വെക്കണോര്ക്ക് മരങ്ങളെപ്പഴും കൂട്ടന്യാ…

ദല്കീന്ന് ലീവിന് വന്ന മ ജോറ്ജ്, മ്മ്ടെ പൗറ് ടില്ലറാരൻ ലൂയിസിൻറെ മോനാ പറ്ഞ്ഞേ. അവ്ടെ ചൂല് പാർട്ടീണ് ള്ളത്. അച്ഛാ…ഇന്നാലും പോത്തെർച്ചി വാങ്ങാൻ പാട്ല്യാന്ന്. ആദിക്ക് അങ്ങ്നെ ഒര് കൊയപ്പോം ണ്ടാര്ന്നില്ലാന്ന്. മോതി പർദാനമന്ത്‌രിയായപ്പളാണ് അത് തൊട്ങ്ങീത് ന്ന്.

ഇപ്പ ബീഫ് ന്ന് പറ്യ്യാൻ പാട്ല്ല. കറ്ത്ത സഞ്ചീല് എർച്ചി വേടിച്ച് കള്ളാസില് പൊയിഞ്ഞ് വേറോരു സഞ്ചീലിടുന്ന്…

ഇണ്ടാക്കുമ്പോ മണം വരാണ്ട് നോക്കണന്ന്. ചുറ്റാടുള്ളോര് ബീഫ് ണ്ടാക്ക്ണ്ന്ന് പറഞ്ഞാല് നല്ല പെട പെടച്ച് ജയ് ചീരാമാന്നാ വിളിപ്പിക്കണ ഇന്തുത്തക്കാര്ണ്ട്ന്ന്. പോല്ലീസാരോട് പറഞ്ഞാ ബീഫ് തിന്നണ തെണ്ടീന്ന് വിളിക്കുന്ന്.. അച്ഛാ..

കാറീപ്പോണ ഇന്തുത്തക്കാര് നട്ക്കണ മേത്തച്ചെക്കമ്മാരെ പിടിച്ച് അടിച്ച് ജയ് ചീരാമാന്ന് വിള്പ്പിക്കുന്ന്. വടക്ക് നാട്ട്ലോക്കെ ഇണ്ട്ന്ന് അദ്. ഇബടെ ഇമ്മടെ നാട്ട്ല് തൊട്ങ്ങീട്ട്ല്ല.

അവരെ പള്ളീണ്ട്ന്ന് ദല്കീല്. അത് തല്ലിപ്പൊളിച്ച്ന്ന്. ജോറ്ജ് ഒറ്പ്പിച്ചാ പറഞ്ഞ്..ആദിയം മേത്തമ്മാരെ അടിച്ച് പൊറ്ത്താക്കും..അതിന്ള്ള ഒര് സൂത്തറ നെയമം കൊണ്ടരും. അപ്പോ മാപ്പളാര് അച്ചമ്മാരൊക്കെ ഇന്തുത്തക്കാരെ കണ്ട് ചിരിച്ച് ആർപ്പിട്ട് വിരുന്നൊക്കെ കയിച്ച് മേത്തമ്മാരെ ചീത്ത പറേം. അത് കൊറച്ചീസം നടക്കും..പിന്നെ മാപ്പളാരേണ് പൊറത്താക്കാ.. അച്ഛാ..

ചൊക്ളി വെറച്ചോയി. ഈയ്യ നാട്ട്ല് ഇങ്ങനൊക്കെ നട്ക്കോ. ഉമ്മഞ്ചാണ്ടി ണ് മുക്കിയ മന്ത്‌രി. മാപ്പളേണ്. അയ്യാള് അയിന് പാകത്തിന് ഒര് സരിതപ്പെണ്ണിൻറെ കേസ്‌ല് പെട്ട്ണ്ട്. അവളെ കണ്ടൂന്നാ മിണ്ടീന്നാ അങ്ങനേതാണ്ട് പറേണ കേക്കാം ടീ വീല്. മാപ്പളേണ്ന്ന് പറ്ഞ്ഞ്ട്ടാവില്ല പൊറ്ത്താക്ക്ണ്. ഈയ്യ മാതിരി ഓരോന്ന് പറ്ഞ്ഞ്ട്ടാവും..

ജോറ്ജ് പറ്ഞ്ഞ്..ഇത്പ്പോ ഇന്തുക്കള് കൂട്യ രാജ്യയോണ്ടാ..മാപ്ളാര് കൂടിയോട്ത്ത് പിന്നുള്ളോര് മോശക്കാരാ, മേത്തമ്മാര് കൂടിയോട്ത്ത് പിന്നുള്ളോരാ മോശക്കാര്..ആരും ഭേദ് ല്യാ..ചൊക്ളിയെ..അച്ഛാ തും സമച്ചാ..ന്നും പറഞ്ഞ് ജോറ്ജ് നടന്നു.

ഒരു കോർമ്പല് മീനും കൊണ്ട് ചെക്കു ജോറ്ജ് ൻറെ പിന്നാലെ പാഞ്ഞോണം പാഞ്ഞ്..തലേം ചൊറ്ഞ്ഞ് നിക്കണ കണ്ടപ്പോ ചൊക്ളിക്ക് പാവം തോന്നി. മൊയ്തീൻകാജീരേ കടേലര്ന്ന് ഇര്ത്തം. ഇപ്പോ അവ്ടെ മീൻ മിശീൻ വെട്ടലും നന്നാക്കലും ഒക്കേണ്. പുത്യ ആള്കാര് വന്ന് നെറ്ഞ്ഞപ്പോ ചെക്കൂന്യൊക്കെ ഒര് ചാമ്പാ ചാമ്പി. ഇപ്പ വെറക്കണ കൈയോണ്ട് ചെക്കു ചൂണ്ട ഇടല്ണ്ട്.. വൈന്നേരം ചെല വീടോളിൽക്ക് പോകും. നാലും കൂടിയ വഴിയോളില് ചെന്ന് അടഞ്ഞ ഒച്ചേല് മീൻ മീൻന്ന് നെലോളീക്കും. മ്മ്ടെ പൊഴേലേ മീനല്ലേച്ച്ട്ട് ചെലരൊക്കെ വേടിക്കും.

ദിനേസസാമിടെ അവ്ടെ എന്താണ്ടൊക്യോ നാമം ചൊല്ലലും അത് റോട്ടിക്കൂടെ ചൊല്ല്യടക്കലും ഇണ്ട്. കാല്ത്ത് നേര്ത്തെണീറ്റ് മണിയൊക്കെ മുട്ടി റോട്ടിക്കൂടെ പചന പാടല്..സാമീനെ മുമ്പാക്കം കാണുമ്പോ എല്ലരും വാതല് തൊറന്ന് വെക്കും. നല്ല വിശ്ശോസള്ള ഇന്തുക്കള് വെളക്ക് കൊള്ത്തി വെക്കും. പിന്ന ചെലരൊക്കെ ടീ വീരെ മുന്ന്ല് കുത്ത്‌ര്ന്ന് അയില് പറേണ ഇന്തുത്തം കേക്ക്ണ്ട്.

എല്ലര്ക്കും ണ്ട് അവരാരേ ടീവീം പാട്ടും പാർത്തനേം ഒക്കേം.. ഇന്തുക്കള് കൊറേണ്ടല്ലോ അദണ് അദിയം കാണ്ണണ്ണേന്നാ പപ്പിനീരേ പറ്ച്ച്ല്.

അയിൻറെടേല് ചായേണ്ടാക്കണ മൂന്നാറ് പോലത്തേ നാട്ടോളില് പെണ്ണങ്ങള് മാത്രായിറ്റ് ഒര് സമരണ്ടായി. പപ്പിനി അയിന് പോണന്ന് അങ്ങ്ട് തീർച്ച്യാക്കി..ഗോമതീന്ന് പേര്ളള ഒര് നേതാവണ്ന്ന് അദില്…തമിയ് പേച്ചാന്ന് അവരടെ..പപ്പിനീരേം കൊശത്തമിയാന്ന്..എത്തറ തമിയ്ണ്ട്ന്ന് ചൊക്ളിക്ക് അറീല്ല.. എത്തറ ഇണ്ടായിറ്റും കാര്യല്ല..വല്ലതും പറഞ്ഞാ തിരീണതാണ് തമിയും മല്യാളോം ഒക്കേം..

ചൊക്ളി വേണ്ടാന്നൊന്നും പറഞ്ഞ്ല്ല. പപ്പിനി ഇല്ല്യാണ്ട് എങ്ങ്നേണ് കൊറച്ചൂസം കഴിയ്യാന്ന് അറിഞ്ഞൂടാച്ചാലും..

അവള് പോയിപ്പോ മറിയപ്പാറേല് ആരുല്യാത്തന്ത്യായി. നട്ട് നന്ച്ച് വളർത്ത്യേ മരോന്നും കണ്ട്ട്ട് ചൊക്ളിക്ക് ഒര് സുകോം കിട്ടീല്ല. വീട്ട്യെല്ലുമ്പോ പപ്പിനി വേണം.. അല്ലെങ്ങേ ന്ത്നാ വീട്..പാറേമ്മേ ഒറങ്ങീതും പീട്യവരാന്തേ കെട്ന്നതും ഒക്കെ വിജാരിക്കേര്ന്ന് ചൊക്ളി..അബട്യൊന്നും ഇഞ്ഞി ഒറങ്ങാമ്പറ്റ്ല്ലാന്നാക്കീത് പപ്പിനീരേ വീട്ട്ലെ ഒറക്കേണ്.

പ്രാഞ്ചീസ്‌ന് ചൊക്ളീരേ ദണ്ണം തിരിഞ്ഞു. ഓരോ മരങ്ങോള്ടെ അട്ത്ത് കുന്തം വിഴുങ്ങ്യോണം നിക്കണ ചൊക്ളീനെ വീട്ട്യേകൊണ്ടോയി. കണ്ടപ്പളേക്കും വട്ടേപ്പക്കുട്ടൻ ഇലിജോ മടീല് ഇര്പ്പായി. അവൻറെ വണ്ട്യോളും തത്തമ്മേം പൂവ്വോളും പുത്തകങ്ങളും പടങ്ങോളും ഒക്കെ കാട്ടിത്തന്ന്. വർത്താനം തന്നെ വർത്താനം..’പത്ത് പാൻന്ന് വയസ്സായിറ്റ് മടീലിരിക്കണാ..നാണണ്ടടാ’ന്ന് അമ്മ്ണി ചോയിച്ചപ്പിന്നേണ് അവൻ കസാരേലിര്ന്നത്.

അന്ന് അവ്ടെന്ന് കോഴിക്കറീം മോര്കാച്ചീതും മീൻ വറത്തതും ആയിട്ട് ചോറ് തിന്നു. അവടെ ഒറങ്ങാന്ന് പ്രാഞ്ചീസ് പറയ്യാര്ന്ന്. ഇന്നാലും പപ്പിനീരേ അവ്ടെന്നെ വന്ന് കെടന്ന്..

ഒരായ്ച്ച കയിഞ്ഞപ്പോ പപ്പിനി വന്ന്. ചൊക്ളിക്ക് അവളെക്കണ്ടപ്പോ കണ്ണീര് മുട്ടി കൊര്ക്ക്ല് വേതന വന്ന്..

അവള്ക്കും കതേണ്ടായി ഇമ്മണി പറയാൻ..പർദാനം അച്ചുവാനന്തൻ സകാവിൻറെ കാലിൻറെ അരീത്ത് ഇരിക്കാമ്പറ്റീതാ. സകാവ് പെണ്ണങ്ങള് ടെ സമരത്ത്ന് വന്ന്ണ്ടാര്ന്നു ന്ന് പറേമ്പോ പപ്പിനി ചിറിച്ചു….

(തുടരും)

Print Friendly, PDF & Email

Leave a Comment

More News