ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തിയര്‍ന്നു; ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി വെന്തു മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തി. അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും മറ്റൊരാളും പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തില്‍ തീപിടിച്ച ബൈക്ക് പൂര്‍ണമായും കത്തി. ബൈക്കില്‍ നിന്ന് തീപടര്‍ന്ന് ലോറി ഭാഗീകമായും കത്തിനശിച്ചു. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്. കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News