പ്രവാസിശ്രീക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍

പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിയുടെ ഉത്ഘാടനം നടന്നു. ആദ്യ ഘട്ടത്തില്‍ 10 യൂണിറ്റുകള്‍ നിലവില്‍ വന്നു.

കഴിഞ്ഞ ദിവസം ബാങ്ക്സാങ്ക്തായി പാര്‍ട്ടി ഹാളില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനം ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. കേരള പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ സ്ത്രീശാക്തീകരണ പ്രഭാഷണം നടത്തി. പ്രവാസിശ്രീയുടെ പ്രവര്‍ത്തന രേഖ യൂണിറ്റു കണ്‍വീനര്‍മാര്‍ക്ക് രാജി ഉണ്ണികൃഷ്ണന്‍ കൈമാറി.

തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ച. നേരത്തെ കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് കെപിഎ വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസയും ട്രഷറര്‍ രാജ് കൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സമ്മേളനത്തിന് മികവേകി. കുടുംബ സംഗമങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡനിംഗ്, കൃഷി, പാചകം, കലാ-കായിക പ്രവര്‍ത്തനങ്ങള്‍, ചെറുകിട സമ്പാദ്യപദ്ധതി തുടങ്ങിയവ പ്രവാസിശ്രീയുടെ പ്രവര്‍ത്തന മേഖലകള്‍ ആണ്.

Print Friendly, PDF & Email

Leave a Comment

More News