പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മലപ്പുറം ടൗണ്‍ഹാളിലെത്തി മുഖ്യമന്ത്രി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങള്‍ അനേകം മഹല്ലുകളുടെ ഖാസി എന്ന
നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News