റഷ്യയുമായി വിഘടനവാദ പ്രദേശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായി സെലെൻസ്കി

ഉക്രെയ്നിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, ക്രിമിയൻ പെനിൻസുലയുടെയും മറ്റ് വിഘടനവാദ പ്രദേശങ്ങളുടെയും നിലയെക്കുറിച്ച് “ചർച്ച ചെയ്യാനും വിട്ടുവീഴ്ചകള്‍ കണ്ടെത്താനും” തയ്യാറാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.

“താൽക്കാലികമായി അധിനിവേശ പ്രദേശങ്ങളും കപട റിപ്പബ്ലിക്കുകളും സംബന്ധിച്ച കാര്യങ്ങള്‍ റഷ്യയല്ലാതെ മറ്റാരും അംഗീകരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു… ഈ പ്രദേശങ്ങൾ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് ഒരു വിട്ടുവീഴ്ച കണ്ടെത്താം,” സെലെൻസ്കി തിങ്കളാഴ്ച എബിസി ന്യൂസിനോട് പറഞ്ഞു. ഞാൻ സംഭാഷണത്തിന് തയ്യാറാണ്, പക്ഷെ കീഴടങ്ങാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിമിയ റഷ്യൻ പ്രദേശമാണെന്ന് കിയെവ് തിരിച്ചറിയണമെന്നും, ഡൊനെറ്റ്‌സ്‌കും ലുഗാൻസ്കും സ്വതന്ത്ര രാഷ്ട്രങ്ങളാണെന്നും പറഞ്ഞുകൊണ്ട് റഷ്യ തിങ്കളാഴ്ച സൈനിക ആക്രമണങ്ങൾ നിർത്താൻ വ്യവസ്ഥകൾ വെച്ചു.

“എനിക്ക് പ്രധാനം ഉക്രെയ്‌നിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആ പ്രദേശങ്ങളിലെ ആളുകൾ എങ്ങനെ ജീവിക്കും” എന്നതാണെന്ന് സെലെന്‍സ്കിയും പറയുന്നു.

നോ ഫ്ലൈ സോൺ പ്രഖ്യാപിക്കാൻ സെലെൻസ്‌കി ബൈഡനോട് അപേക്ഷിക്കുന്നു

പറക്ക നിരോധിത മേഖല ഏർപ്പെടുത്തിക്കൊണ്ട് തന്റെ രാജ്യത്തിന്റെ വ്യോമാതിർത്തി സുരക്ഷിതമാക്കാൻ അമേരിക്കയ്ക്കും പാശ്ചാത്യ സഖ്യകക്ഷികൾക്കും തന്റെ അപേക്ഷ സെലെൻസ്‌കി ഒരിക്കൽ കൂടി ആവർത്തിച്ചു. തന്റെ രാജ്യത്ത് യുദ്ധം അവസാനിക്കില്ലെന്നും സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം ലോകത്തെ മറ്റ് ഭാഗങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനു മാത്രമേ എന്തെങ്കിലും “കൂടുതൽ ചെയ്യാൻ കഴിയൂ” എന്ന് താൻ വിശ്വസിക്കുന്നുവെന്നും ഉക്രേനിയൻ പ്രസിഡന്റ് പറഞ്ഞു.

സെലെൻസ്‌കിയുടെ അഭ്യർത്ഥന ഉണ്ടായിരുന്നിട്ടും, വാഷിംഗ്‌ടണും അതിന്റെ നേറ്റോ സഖ്യകക്ഷികളും ഉക്രെയ്‌നിൽ പറക്ക നിരോധിത മേഖല സൃഷ്ടിക്കുന്നതിനെ എതിർക്കുന്നു. അത്തരമൊരു നീക്കം “യൂറോപ്പിൽ സമ്പൂർണ യുദ്ധത്തിന്” ഇടയാക്കുമെന്നാണ് അവരുടെ നിഗമനം.

ഇത്തരത്തിൽ പറക്ക നിരോധിത മേഖല ഏർപ്പെടുത്തുന്ന രാജ്യങ്ങൾ സംഘർഷത്തിൽ പങ്കെടുക്കുന്നത് യുദ്ധത്തിന് സമാനമായി പരിഗണിക്കുമെന്ന് പുടിൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. നോ ഫ്ലൈ സോൺ ഏർപ്പെടുത്തുന്നത് യൂറോപ്പിന് മാത്രമല്ല, ലോകമെമ്പാടും ഭീമാകാരവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News