എ.കെ. ആന്റണി സജീവ രാഷ്ട്രീയം വിടുന്നു; ഡൽഹിയില്‍ താമസിക്കില്ല; സോണിയാ ഗാന്ധിക്ക് കത്ത്

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പാർട്ടിയോട് വിടപറയാനൊരുങ്ങുന്നു. താൻ ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും കേന്ദ്ര മന്ത്രിയായിരുന്ന എ കെ ആന്റണി സോണിയാ ഗാന്ധിക്ക് കത്തെഴുതി. തന്റെ രാജ്യസഭാ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണെന്നും അതിന് ശേഷം വീണ്ടും ജനവിധി തേടാൻ ആഗ്രഹിക്കുന്നില്ലെന്നും 81 കാരനായ ആന്റണി സോണിയാ ഗാന്ധിയോട് പറഞ്ഞു. നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്.

ഇനി ഡൽഹിയിൽ താമസിക്കില്ല
ഇനി ഡൽഹിയിൽ താമസിക്കില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. വൈകാതെ തിരുവനന്തപുരത്തേക്ക് മാറും. 52 വർഷമായി രാഷ്ട്രീയത്തിലുണ്ട്. 1970ൽ ആദ്യമായി കേരളത്തിൽ എംഎൽഎയായി. കോൺഗ്രസ് യുവജന-വിദ്യാർത്ഥി വിഭാഗത്തിന്റെ നേതാവായിരുന്നു. ആന്റണി മൂന്ന് തവണ കേരള മുഖ്യമന്ത്രിയായിട്ടുണ്ട്. 37-ാം വയസ്സിൽ അദ്ദേഹം കേരള മുഖ്യമന്ത്രിയായി.

2004 ൽ മുഖ്യമന്ത്രി ആയിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് അദ്ദേഹം പ്രവർത്തന മണ്ഡലം ഡൽഹിയിലേക്ക് മാറ്റാന്‍ കാരണമായത്. മുഖ്യമന്ത്രി സ്ഥാനവും ജന്മനാടായ ചേർത്തലയിലെ എം.എൽ.എ സ്ഥാനവും രാജിവെച്ച് ഡൽഹിക്ക് പോയ എ.കെ. ആന്റണി കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി. കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരം നഷ്ടമായെങ്കിലും പാർട്ടിയിൽ രണ്ടാമനായി എ.കെ.ആന്റണി. പക്ഷേ, കുറച്ചു നാളായി നെഹ്റു കുടുംബത്തിൽ നിന്ന് വേണ്ടത്ര പരിഗണന എ.കെ. ആന്റണിക്ക് ലഭിക്കുന്നില്ലെന്ന് പറയപ്പെടുന്നു. ഇതാണ് ഡൽഹി വിടാൻ പ്രേരിപ്പിച്ചതത്രെ. മാത്രമല്ല, കേരളത്തിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിൽ എ.കെ.ആന്റണിക്ക് സ്ഥാനവുമില്ലാതായി.

ഇപ്പോൾ 81 വയസുള്ള അദ്ദേഹത്തതിന് ഇനി മത്സരിക്കണമെങ്കിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. നിയമ സഭയിലേക്കാണെങ്കിൽ 2026 വരെയും. അപ്പോഴേക്കും 85 വയസ് കഴിയും. രാജ്യസഭയിലേക്ക് വരണമെങ്കിൽ നാല് വർഷത്തെ കാത്തിരിപ്പ് വേണ്ടി വരും. ഇത്രയും പ്രായത്തിൽ മത്സരിക്കുക ആന്റണിയെ സംബന്ധിച്ചിടത്തോളം അസംഭാവ്യമാണ്. അതുകൊണ്ട് നിലവിലെ രാജ്യസഭ കാലാവധി കഴിഞ്ഞാൽ ഇനിയൊരങ്കത്തിന് ബാല്യമില്ല എന്ന തിരിച്ചറിവായിരിക്കാം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട പറയാന്‍ കാരണം.

മൂന്ന് തവണ കേന്ദ്രമന്ത്രിയാകുകയും അഞ്ച് തവണ രാജ്യസഭയിലെത്തുകയും ചെയ്ത ആന്റണി 10 വർഷം കോൺഗ്രസ് പാർലമെന്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു, അഞ്ച് തവണ നിയമസഭയിലെത്തി. മൂന്ന് തവണ കേന്ദ്രമന്ത്രിയായും അഞ്ച് തവണ രാജ്യസഭയിലും എത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ, താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആന്റണി പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയം വിടുന്ന കാര്യം സോണിയാജിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. “ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ ഇക്കാര്യം സോണിയാ ഗാന്ധിയെ അനൗപചാരികമായി അറിയിച്ചിരുന്നു. പിസിസി പ്രസിഡന്റിനെയും മറ്റ് സഹപ്രവർത്തകരെയും ഞാൻ അറിയിച്ചിട്ടുണ്ട്. പാർട്ടി എനിക്ക് ധാരാളം അവസരങ്ങൾ തന്നിട്ടുണ്ട്, കോൺഗ്രസിനോട് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ഇനി ഡൽഹി വിട്ട് ഏപ്രിലിൽ തിരുവനന്തപുരത്തേക്ക് പോകണം,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News