പെട്രോളടിക്കാന്‍ പണമില്ല; ചെലവ് കുറയ്ക്കണം, കടം വാങ്ങി പെട്രോളടിക്കാന്‍ പോലീസിനോടു ഡിജിപി

തിരുവനന്തപുരം: ഇന്ധനമടിക്കാന്‍ പണമില്ലാതെ കേരള പോലീസ്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനെത്തുടര്‍ന്ന് പേരൂര്‍ക്കട എസ്എപി ക്യാന്പിലുള്ള പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധന വിതരണം നിര്‍ത്തി. രണ്ടര കോടിയോളം രൂപയാണ് ഇന്ധന കമ്പനിക്കു പോലീസ് നല്‍കാനുള്ളത്.

ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതായും കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ഡിജിപി അനില്‍ കാന്ത് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍നിന്നോ കടമായി ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിര്‍ദേശം. ചെലവുകുറയ്ക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

ഇന്നു മുതലാണ് എസ്എപി ക്യാന്പില്‍നിന്നു പോലീസിനുള്ള ഇന്ധന വിതരണം നിര്‍ത്തിയത്. കട ബാധ്യത ഉള്ളതിനാല്‍ വിതരണം തുടരാനാവില്ലെന്നാണ് എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, പൊതുജനങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം ഇവിടെനിന്നു നിറയ്ക്കാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ധനം വാങ്ങാനായി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ കടം വാങ്ങാന്‍ ശ്രമിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ സുരക്ഷാ സേനയായ പോലീസ് ഇത്തരത്തില്‍ രംഗത്തു വന്നതാണ് ഏറ്റവും വിവാദം.

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അടക്കം സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുകയും അനാവശ്യ ചെലവുകള്‍ കൂട്ടുകയും ചെയ്യുകയും ചെയ്യുമ്പോഴാണ് പോലീസ് ഇന്ധനത്തിനു വേണ്ടി കടം വാങ്ങേണ്ടി വരുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News