ബാലചന്ദ്രകുമാറിനെ കണ്ടകാര്യം പോലീസിനോട് പറയരുത്- ദിലീപിന്റെ അഭിഭാഷകന്‍ വിലക്കിയെന്ന് ജോലിക്കാരന്റെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നടന്‍ ദിലീപിനെതിരെ വീട്ടുജോലിക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വീട്ടുജോലിക്കാരന്‍ ദാസനാണ് ദിലീപിനെ വെട്ടിലാക്കുന്ന മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും പോലീസിനോടു പറയരുതെന്നു ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ദാസന്റെ വെളിപ്പെടുത്തിയിട്ടുള്ളത്. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന്‍ ബാലചന്ദ്രകുമാറായിരുന്നു.

പള്‍സര്‍ സുനിയെ കണ്ട കാര്യം ബാലചന്ദ്രകുമാര്‍ ദാസനോടു പറഞ്ഞിരുന്നത്രേ. ഇക്കാര്യത്തെക്കുറിച്ചു പോലീസ് ചോദിച്ചാല്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്നു പറയണമെന്ന് അഭിഭാഷകരും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ആവശ്യപ്പെട്ടതായാണ് ദാസന്റെ മൊഴി. പള്‍സര്‍ സുനിയെ ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ കൊലപ്പെടുത്തണമെന്ന് സുരാജ് പറയുന്നത് കേട്ടിരുന്നതായി ചോദ്യംചെയ്യലില്‍ ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാട്ടി തെളിവ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നു. നടന്‍ ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആറു മൊബൈലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിട്ടു നല്‍കിയിരുന്നു. ഇവയുടെ പരിശോധനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നത്.

ജനുവരി 29, 30 തീയതികളിലാണ് ഫോണുകളില്‍ കൃത്രിമം കാട്ടിയത്. ജനുവരി 31നു ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ജനുവരി 29ന് ഉത്തരവിട്ട ശേഷമാണ് കൃത്രിമം നടന്നതെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. നിര്‍ണായകമായ പല വിവരങ്ങളും നീക്കംചെയ്ത ശേഷമാണ് ഫോണുകള്‍ ഹാജരാക്കിയത്. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഐ ഫോണ്‍ ഉള്‍പ്പെടെ നാലു ഫോണുകളാണ് ദിലീപ് നല്‍കിയത്.

ഇതില്‍ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ശേഷിച്ചവയില്‍ ഒന്ന് സുരാജിന്റെ ഫോണായിരുന്നു. ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡാണ് ഐ ഫോണില്‍ ഉപയോഗിച്ചിരുന്നത്. ഇങ്ങനെയൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ചോദ്യം ചെയ്യലില്‍ ദിലീപ് വെളിപ്പെടുത്തിയിരുന്നില്ല.

ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുംബൈയിലെ ഒരു ലാബില്‍ പരിശോധനയ്ക്കു നല്‍കിയെന്നായിരുന്നു മറുപടി. അഭിഭാഷകന്‍ വഴിയാണ് ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത്. മുംബൈയിലെ ലാബില്‍നിന്നു ഫോണ്‍ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തിരുന്നു. ലാബ് ഡയറക്ടറെയും നാലു ജീവനക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയുണ്ടായി. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്കു ഫോറന്‍സിക് ലാബിലേക്കും അയച്ചു.

ദിലീപിന്റെ അഭിഭാഷകനും മറ്റു മൂന്ന് അഭിഭാഷകരും മുംബൈയിലെ ലാബില്‍ ജനുവരി 30നെത്തി ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ മുന്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളുടെയും അഭിഭാഷകരുടെയും സഹായത്തോടെ പ്രതികള്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. വധഗൂഢാലോചനാക്കേസില്‍ വസ്തുതകള്‍ മറച്ചുവയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

Print Friendly, PDF & Email

Leave a Comment

More News