അഞ്ചില്‍ നാലിടത്തും ബി.ജെ.പി; പഞ്ചാബില്‍ എഎപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് ബി.ജെ.പി കേവല ഭുരിപക്ഷത്തിലേക്ക്. രണ്ട് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഭരണം ഉറപ്പാക്കിയപ്പോള്‍ ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നു.

അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാനാവുന്നത്.

യു.പിയില്‍ ആകെയുള്ള 403 സീറ്റില്‍ ലീഡ് അറിവായ 403ല്‍ 265 ഇടത്തും ബി.ജെ.പി ലീഡ് ചെയ്യുന്നു. സമാജ്‌വാദി പാര്‍ട്ടി 125 ഇടത്തും ബി.എസ്.പി ആറിടത്തും േകാണ്‍ഗ്രസ് നാലിടത്തും മറ്റുള്ളവര്‍ നാല് ഇടത്തും ലീഡ് ചെയ്യുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ 202 എന്ന കേവല ഭൂരിപക്ഷം ലീഡില്‍ ബി.ജെ.പി നേടിയിട്ടുണ്ട്.

കര്‍ഹല്‍ മണ്ഡലത്തില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആകെ വോട്ടില്‍ 90 ശതമാനത്തിലേറെ നേടിക്കഴിഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് മൗര്യ രണ്ടാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 455 വോട്ടിന് പിന്നിലാണ്. പ്രയാഗ്‌രാജിലെ 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ബി.ജെ.പിയാണ് ലീഡ്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം ഉറപ്പിച്ചു. ആകെയുള്ള 117ല്‍ 89 സീറ്റുകളില്‍ എഎപി ലീഡ് ചെയ്യുന്നു കോണ്‍ഗ്രസ് 13ലേക്ക് ചുരുങ്ങി. ശിരോമണി അകാലിദള്‍ ഏഴിടത്തും ബി.ജെ.പി അഞ്ചിടത്തും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു.

40 സീറ്റുള്ള ഗോവയില്‍ 18 സീറ്റുകളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റുകള്‍ വേണം കേവല ഭൂരിപക്ഷത്തിന് . കോണ്‍ഗ്രസ് 12, എംഎജി 5, എഎപി 1 മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ് കക്ഷിനില.

70 സീറ്റുള്ള ഉത്തരാഖണ്ഡില്‍ ബി.ജെ.പി 41 സീറ്റിലും കോണ്‍ഗ്രസ് 24 സീറ്റിലും ബി.എസ്.പി രണ്ടിടത്തും ലീഡ് ചെയ്യുന്നു.

മണിപ്പൂരില്‍ 60 സീറ്റുകളില്‍ ബി.ജെ.പി 26 സീറ്റിലും എന്‍.പി.പി 12 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും ജെ.ഡി.യു മൂന്നിടത്തും ലീഡ് ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News