ഡോ. പട്ടേലിന്റെ കൊലയാളിയെ സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് 25,000 ഡോളര്‍ ഇനാം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ഐസിയു ഡോക്ടര്‍ രാകേഷ് പട്ടേലിന്റെ കാര്‍ തട്ടിയെടുക്കുന്നതിനിടയില്‍ അതേ വാഹനം തന്നെ ഇടിച്ചു കയറ്റി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

മാര്‍ച്ച് എട്ടിനായിരുന്ന ദാരുണമായ സംഭവം. ഡോ. രാകേഷ് റോഡരുകില്‍ തന്റെ മേഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ നിര്‍ത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേള്‍ഫ്രണ്ടിനു സമ്മാനം കൈമാറുന്നതിനിടയില്‍ എവിടെനിന്നോ വന്ന അക്രമികള്‍ ഡോക്ടറെ തട്ടിമാറ്റി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഇതു കണ്ടു പരിഭ്രമിച്ച ഡോ. രാകേഷ് കാറിന്റെ മുന്നില്‍ കയറി നിന്നു തടസം സൃഷ്ടിച്ചുവെങ്കിലും അക്രമികള്‍ ഇതൊന്നും വകവയ്ക്കാതെ കാര്‍ മുന്നോട്ടെടുത്തു. കാര്‍ തട്ടി നിലത്തുവീണ ഡോക്ടറുടെ ശരീരത്തിലൂടെ അക്രമികള്‍ കാര്‍ അതിവേഗം ഓടിച്ചു പോകുകയും ചെയ്തു.

സംഭവത്തിനു ദൃക്‌സാക്ഷിയായി ഡോക്ടറുടെ കാമുകി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുന്നത്. ഇവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയും മുന്പ് എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ അക്രമികള്‍ അല്‍പം മാറി കാര്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. സംഭവം കഴിഞ്ഞ് ഇതുവരെയായിട്ടും പോലീസിന് അക്രമികളെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

അപകടത്തില്‍ മരിച്ച രാകേഷിന്റെ പിതാവും രണ്ടു സഹോദരങ്ങളും ഡോക്ടര്‍മാരാണ്. ഞങ്ങളുടെ ഇളയമകനാണ് ഡോ. രാകേഷ് എന്ന് മാതാവ് ചാരുലത പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ 2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ കാര്‍ മോഷണം ഇരുനൂറു മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. വാഹനമോഷണവും തട്ടിക്കൊണ്ടുപോകലും ഇവിടെ പ്രധാന കുറ്റകൃത്യങ്ങളായി മാറിയിരിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News