അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ പരിശീലനത്തിനിടെ കൊല്ലപ്പെട്ട നജീബ് മലപ്പുറം സ്വദേശി

മലപ്പുറം: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ പരിശീലനത്തിനിടെ കൊല്ലപ്പെട്ട മലയാളി ഭീകരൻ നജീബ് അൽ ഹിന്ദി മലപ്പുറം പൊന്മള സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അഞ്ച് വർഷം മുമ്പ് പൊന്മളയിൽ നിന്ന് കാണാതായ എംടെക് വിദ്യാർത്ഥി നജീബ് തന്നയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട ചിത്രത്തിലുള്ളതെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യയിലെ പോലീസോ അന്വേഷണ ഏജൻസികളോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല.

2017ലാണ് പൊന്മള സ്വദേശി നജീബിനെ കാണാതായത്. 2017ൽ നജീബിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് മലപ്പുറം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെല്ലൂർ കോളേജിലെ എം.ടെക് വിദ്യാർത്ഥിയായ നജീബിനെ കാണാതാകുമ്പോൾ 23 വയസ്സായിരുന്നു പ്രായം. കോളേജിൽ നിന്ന് കാണാതായെന്നായിരുന്നു പരാതി. എന്നാൽ, ഇയാൾക്കെതിരെ എൻഐഎ അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതോടെ പൊലീസ് കേസ് അവസാനിപ്പിച്ചു.

ഇയാള്‍ ഐഎസില്‍ ചേര്‍ന്നതായും നേരത്തേ കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോള്‍ വീണ്ടും ഐഎസ് മുഖപത്രത്തില്‍ വന്നതെന്നാണ് പോലീസ് നിഗമനം. തമിഴ്നാട് വെല്ലൂര്‍ വിഐടി യൂണിവേഴ്‌സിറ്റിയില്‍ എം ടെക് വിദ്യാര്‍ഥിയായിരിക്കെയാണ് നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയില്ല.

തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. താന്‍ യഥാര്‍ഥ ഇസ്ലാമിക രാജ്യത്ത് എത്തിയെന്നും സ്വര്‍ഗം ലഭിക്കുന്നതിനായി താന്‍ ഹിജ്‌റ ചെയ്‌തെന്നും മാതാവിനോടു പറഞ്ഞു. ഇതിന് ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇതനുസരിച്ച് നജീബ് ടെലഗ്രാം അക്കൗണ്ടില്‍ നിന്നും മാതാവിന്റെ ഫോണിലേക്ക് ജിഹാദി സന്ദേശങ്ങള്‍ അയച്ചുതുടങ്ങി. ഐഎസിലെത്തുന്നവര്‍ അബു എന്ന് തുടങ്ങുന്ന പേര് സ്വീകരിക്കുന്നതാണ് പതിവ്. അബു ബാസിര്‍ എന്നാണ് തന്റെ പുതിയ പേരെന്നും നജീബ് പറഞ്ഞു.

എന്നാല്‍ വേഗം തിരികെ വരണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. താന്‍ ഹിജ്‌റക്ക് പോയതാണ്. തന്നെ ഇനി അന്വേഷിക്കുകയോ പോലീസില്‍ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി. സന്ദേശത്തില്‍ വീട്ടുകാരോട് ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ഹിജ്‌റ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ നജീബ് ഐഎസില്‍ എത്തിയെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കും ബലപ്പെടുകയായിരുന്നു.

താന്‍ ലക്ഷ്യസ്ഥാനത്തേക്ക് ഹിജ്‌റക്ക് വന്നെന്നും ഞങ്ങള്‍ മരണം വരിക്കാനായി കാത്തിരിക്കുന്നുവെന്നും നജീബ് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. നജീബിന്റെ ഫോട്ടോയും മാതാവിനയച്ച സന്ദേശങ്ങളും പിന്നീട് പോലീസിന് ലഭിച്ചു. ഹിജ്‌റ പോകാന്‍ ക്ഷണിച്ച മകനോട് ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെന്നുമായിരുന്നു മാതാവിന്റെ മറുപടി. ഞാന്‍ ശപിച്ചാല്‍ നിനക്ക് ഒരു സ്വര്‍ഗവും കിട്ടില്ലെന്നും മാതാവിന്റെ കാല്‍ പാദത്തിന് അടിയിലാണ് സ്വര്‍ഗമെന്നുമാണ് തീവ്രവാദത്തിലേക്ക് പോയ മകന് ഉമ്മ ഖമറുന്നിസ മറുപടി കൊടുത്തത്.

നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ഓൺലൈൻ ക്ലാസുകളിലൂടെയും വിദേശത്തുള്ള മറ്റ് ബന്ധങ്ങളിലൂടെയുമാണ് നജീബ് ഐഎസിലേക്ക് ആകൃഷ്ടനായതെന്ന് പോലീസ് പറഞ്ഞു. ആ നജീബ് തന്നെയാണ് ഇപ്പോള്‍ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Print Friendly, PDF & Email

Leave a Comment

More News