ഗുജറാത്ത് ആം ആദ്മി പാര്‍ട്ടിയില്‍ കലഹം; 150ഓളം പ്രവർത്തകർ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഗുജറാത്തിലെ നൂറുകണക്കിന് പാർട്ടി അംഗങ്ങൾ പാർട്ടി വിടുന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള 150 ഓളം പാർട്ടി അംഗങ്ങൾ മാർച്ച് 12 ശനിയാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

ആംആദ്മി പാര്‍ട്ടി കര്‍ഷക സംഘടനയുടെ സംസ്ഥാന നേതാവ് രവി പട്ടേലിന്റെ നേതൃത്വത്തിലാണ് രാജി. “ആറുമാസം മുമ്പ്, ഞങ്ങൾ ഞങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ രാജിവച്ചപ്പോൾ, ഇടപെടാൻ ഞങ്ങൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാർട്ടി നേതൃത്വം ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞങ്ങൾ രാജി സമർപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഘടകത്തെ വിശ്വാസത്തിലെടുക്കാതെ ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വം കർഷക സംഘടന പിരിച്ചുവിട്ടുവെന്നും രവി പട്ടേൽ ആരോപിച്ചു. പാർട്ടിയുടെ ആനന്ദ് ജില്ലാ ഘടകത്തിന്റെ തലവനായ ദിപാവലി ഉപാധ്യായയോട് പാർട്ടി നേതൃത്വം മോശമായി പെരുമാറിയെന്നും പട്ടേൽ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News