ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് 2022 – മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടന്

ന്യൂയോർക്ക്: ഇന്റർനാഷണൽ വനിതാ ദിനത്തോടനുബന്ധിച്ചു ചിക്കാഗോ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടി എത്തിനിക് കോയാലിഷൻ, മൾട്ടി എത്തിനിക് അഡ്വൈസറി ടാസ്‌ക് ഫോഴ്സ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പത്താമത് വാർഷിക കോൺഗ്രെഷണൽ ഇന്റർനാഷണൽ വിമൻസ് ഡേ ഗാലായിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 വനിതകളിൽ ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡിന് മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടൻ അർഹയായി. ആരോഗ്യ രംഗത്ത് ന്യൂയോർക്കിൽ നാൽപ്പതിലധികം വർഷമായി നേഴ്സ് ആയി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഏലിയാമ്മ. ആരോഗ്യ രംഗത്തെ അൻപതിലധികം വർഷത്തെ പ്രശസ്ത സേവനം കണക്കിലെടുത്താണ് ഏലിയാമ്മ ഈ അവാർഡിന് അർഹയായത്‌.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സമൂഹത്തിലെ നാനാ തലങ്ങളിൽ പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന 20 വനിതാരത്നങ്ങളെ ആദരിച്ച ചടങ്ങു അമേരിക്കൻ പാർലമെൻറ് മന്ദിരമായ വാഷിങ്ടൺ ഡി. സി. യിലെ യു. എസ്. ക്യാപിടോൾ ഹിൽ ബിൽഡിങ്ങിലെ സ്പീക്കർ നാൻസി പെലോസിയുടെ കോൺഫറൻസ് റൂമിൽ വച്ച് കഴിഞ്ഞ ദിവസമാണ് നടത്തപ്പെട്ടത്. ഇല്ലിനോയിസ് സംസ്‌ഥാനത്തെ ഏഴാമത് കോൺഗ്രെഷണൽ ഡിസ്ട്രിക്ടിൽ നിന്നും 1996 മുതൽ തുടർച്ചയായി യു. എസ്. റെപ്രെസെന്റേറ്റീവായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രെസ്സ്മാൻ ഡാനിയേൽ കെ. ഡേവിസാണ് അവാർഡുകൾ വിതരണം ചെയ്തത്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ നൽകപ്പെടുന്ന ഈ അവാർഡ് എല്ലാ വനിതകൾക്കും പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് കോൺഗ്രെസ്സ്മാൻ അവാർഡ് നൽകിയത്.

എറണാകുളം ജില്ലയിൽ കോതമംഗലം സ്വദേശിയായ ഏലിയാമ്മ അപ്പുക്കുട്ടൻ നാഗപൂർ മെഡിക്കൽ കോളേജിൽനിന്നും നേഴ്സിങ് ബിരുദം പൂർത്തിയാക്കി ഇന്ത്യയിലെ വിവിധ മിലിട്ടറി ആശുപത്രികളിലായി 12 വർഷം നേഴ്സ് ആയി സേവനം അനുഷ്ടിച്ചതിനു ശേഷമാണ് 1981-ൽ അമേരിക്കയിലേക്ക് കുടിയേറിയത്. പൂനെ, അലഹബാദ്, ഫിറോസ്‌പുർ, ഡൽഹി എന്നീ സ്ഥലങ്ങളിലെ മിലിട്ടറി ആശുപത്രികളിലെ 12 വർഷത്തെ സേവനത്തിനു ശേഷം അമേരിക്കയിലെ ന്യൂയോർക്ക് ഫോറസ്റ്റ് ഹിൽസ് പാർക്‌വേ ആശുപത്രിയിലും ക്വീൻസ് ജനറൽ ആശുപത്രിയിലുമായി 40 വർഷത്തെ സേവനം കൂടി നടത്തി ആരോഗ്യ രംഗത്തെ അൻപതിലധികം വർഷത്തെ പ്രശസ്ത സേവനം കണക്കിലെടുത്താണ് ഏലിയാമ്മ ഈ അവാർഡിന് അർഹയായത്‌. സാമൂഹിക സേവന രംഗത്തും ഏലിയാമ്മ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് വിമൻസ് ഫോറം ചെയർപേഴ്സൺ ആയും ഇന്ത്യൻ നേഴ്സസ് അസ്സോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ വൈസ് പ്രസിഡന്റ് ചാരിറ്റി ഫണ്ട് റൈസിങ് കമ്മറ്റി ചെയർപേഴ്സൺ എന്നീ നിലകളിലും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തിയാണ് ഏലിയാമ്മ. ന്യൂയോർക്ക് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന അപ്പുക്കുട്ടന്‍ ആറ്റുപുറത്താണ് ഭർത്താവ്. ഹാർവാർഡ് മെഡിക്കൽ സയൻസിൽ നിന്നും ന്യൂറോ സൈക്ക്യാട്രിയിൽ മാസ്റ്റേഴ്സ് എടുത്തു ചാർലെറ്റിൽ പ്രവർത്തിക്കുന്ന ഡോ. റെജി അപ്പുക്കുട്ടന്‍ ഏക മകനാണ്.

Print Friendly, PDF & Email

Leave a Comment

More News