കെ.റെയില്‍ കല്ലിടല്‍ തുടരുമെന്ന് എം.ഡി; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ എംഡി കെ.അജിത്ത് കുമാര്‍. നിലവില്‍ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാന്‍ ഈ സര്‍വേ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ പദ്ധതിയുടെ ഈ ഘട്ടത്തില്‍ ആലോചനയില്ല. മുഴുവന്‍ പണവും നല്‍കിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂവെന്നും കെ റെയില്‍ എംഡി പറഞ്ഞു. സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കെറെയില്‍ എംഡി വ്യക്തമാക്കി. ഇതില്‍ അഞ്ച് മീറ്ററില്‍ യാതൊരു നിര്‍മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിര്‍മാണം നടത്താം. ബഫര്‍ സോണ്‍ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അജിത് പറഞ്ഞു.

അതേസമയം, സാമൂഹികാഘാത പഠനത്തിന് എന്തിനാണ് കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എം.ഡിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഭൂമിക്ക് നഷ്ടപരിഹാരമായി ജനങ്ങള്‍ക്ക് വേണമെങ്കില്‍ ബോണ്ട് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും. നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുവദിക്കില്ല എന്ന ദുശാഠ്യമാണ് പ്രതിപക്ഷത്തിന്. അത്തരം പിപ്പിടിവിദ്യകള്‍ ചെലവാകില്ലെന്നാണ് അത്തരക്കാരോട് പറയാനുള്ളത്. ആര് പറയുന്നതാണ് ജനം കേള്‍ക്കുക എന്ന് നമ്മള്‍ക്ക് കാണാം. യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ മാത്രമാകും ഇറക്കാനാകുക. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ നാട്ടില്‍ ഇറങ്ങി പദ്ധതി വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News