ഫ്രറ്റേണിറ്റി ഇടപെടൽ വിജയം; അട്ടപ്പാടി ഭുവന കേസിൽ കോളേജധികൃതർക്കും ജീവനക്കാർക്കും വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: അരിവാൾ രോഗം മൂലം അബോധാവസ്ഥയിലായ ഗവ. വിക്ടോറിയ കോളേജിലെ പൂർവ വിദ്യാർത്ഥിനി അട്ടപ്പാടി ദാസന്നൂരിലെ ആദിവാസി ഇരുവാള വിഭാഗത്തിൽപ്പെടുന്ന ഭുവനയെ 2019 സെപ്റ്റംബര്‍ 26ന് കോളേജ് ജീവനക്കാർ ആശുപത്രിയിലെത്തിച്ച് ഒറ്റക്കാക്കി മുങ്ങിക്കളഞ്ഞ സംഭവത്തിൽ കോളേജ് അധികൃതരും ജീവനക്കാരും മനുഷ്യത്വമില്ലാതെയും ഉത്തരവാദിത്വരഹിതമായുമാണ് ഇടപെട്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

കോളേജിൽ വെച്ച് പകൽ സമയത്ത് അവശയായ വിദ്യാർത്ഥിനിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും അന്നത്തെ ഹോസ്റ്റൽ വാർഡൻ ശ്രീകല കെ.ഐ, റസിഡന്റ് ട്യൂട്ടർ ഷെർലിൻ എന്നിവർ എത്തിച്ചു. എന്നാൽ, എസ്.ടി വിദ്യാർത്ഥിനിയായ ഭുവനയെ നോക്കാൻ എസ്.ടി പ്രമോട്ടർ വരുമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന ഭുവനയുടെ സുഹൃത്തായ സംഗീതയെയും നിർബന്ധപൂർവ്വം കൂട്ടി ഇരുവരും കോളേജിലേക്ക് തിരിച്ചു. ഭുവനയുടെ സഹോദരനും തൃശൂരിലെ ഫ്രറ്റേണിറ്റിയുടെ പ്രവർത്തകരും എസ്.ടി പ്രമോട്ടറും സംഭവമറിഞ്ഞ് രാത്രി ആശുപത്രിയിലെത്തും വരെ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി തനിച്ചായിരുന്നു. മാത്രവുമല്ല, ഒരു പെൺകുട്ടിയുടെ വിഷയത്തിൽ പുരുഷനായ എസ്.ടി പ്രമോട്ടറെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് വാർഡനും റസിഡന്റ് ട്യൂട്ടറും ആശുപത്രിയിൽ നിന്നും പോയത്. ഭുവനയുടെ സഹോദരൻ എത്തുംവരെ അവിടെ നിൽക്കണമെന്ന് രക്ഷിതാക്കൾ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും അതിന് മുമ്പേ തന്നെ ഇവർ പോയിരുന്നു. ഇരുവരും കോളേജിൽ തിരിച്ചെത്തി രാത്രിയിൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് കോളേജ് അധികൃതർ ആശുപത്രിയിലേക്ക് തിരിച്ചത്.

വിഷയത്തിൽ മനുഷ്യാവകാശ ലംഘനവും ജാതീയ വിവേചനവും നടന്നിട്ടുണ്ടെന്നും, അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും അന്നത്തെ ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഫർഹാൻ എച്ച് മനുഷ്യാവകാശ കമ്മീഷനും എസ്.സി/എസ്.ടി കമ്മീഷനും പരാതി നൽകി. തുടർന്ന് നടന്ന മനുഷ്യാകാശ കമ്മീഷന്റെ അന്വേഷണം, വിചാരണകള്‍ എന്നിവയിലൂടെയാണ് കമ്മീഷൻ കോളേജ് അധികൃതർക്കും ജീവനക്കാർക്കും വീഴ്ച പറ്റിയെന്നും, അവർ ലാഘവത്തോടെയാണ് സംഭവത്തിൽ ഇടപെട്ടതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ശ്രീകല കെ.ഐ, ഷെർലിൻ എന്നിവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കാറിനോട് ശുപാർശ ചെയ്തിട്ടുമുണ്ട്.

വിദ്യാർത്ഥികൾക്ക് കോളേജിൽ വെച്ച് രോഗമുണ്ടാകുമ്പോൾ ആശുപത്രിയിലെത്തിച്ച് കടന്നു കളയുന്ന തരത്തിലുള്ള വീഴ്ചകൾ കോളേജ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ആവർത്തിക്കാതിരിക്കാൻ ശക്തമായ സർക്കുലർ ഇറക്കാനും ഭുവന കേസിന്റെ പശ്ചാത്തലത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.

യൂണിറ്റ് കമ്മിറ്റി നടത്തിയ നിയമപോരാട്ടങ്ങളുടെ വിജയമാണിതെന്നും കുറ്റക്കാരായ മുൻ ഹോസ്റ്റൽ വാർഡൻ, റസിഡന്റ് ട്യൂട്ടർ എന്നിവർക്കെതിരെ എസ്.ടി അട്രോസിറ്റി ആക്റ്റടക്കമുള്ള വകുപ്പുകൾ പ്രകാരം ഉടനടി കേസെടുത്ത് അച്ചടക്ക നടപടി കൈക്കൊള്ളണമെന്നും ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഷബ്നം പി നസീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭുവനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

അരിവാൾ രോഗം മൂർച്ഛിച്ച് ഭുവന ഒന്നര വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment

More News