റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ വിവിധ നേതാക്കളുമായി ബന്ധപ്പെടുന്നു

ന്യൂയോര്‍ക്ക്: ഫെബ്രുവരി 24 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം വെടിനിർത്തലിന് ലോകം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും റഷ്യൻ അധിനിവേശം തടസ്സമില്ലാതെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളുടെയും തലവൻമാരുൾപ്പെടെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചർച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നു. അതിനിടെ, ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ ഇന്ത്യ, തുർക്കി, ചൈന, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച പറഞ്ഞു.

“ഒരു രാഷ്ട്രീയ പരിഹാരത്തിനായി മധ്യസ്ഥതയുടെ വ്യത്യസ്ത വഴികൾ കണ്ടെത്താൻ ഇരുപക്ഷത്തിന്റെയും ഉയർന്ന തലത്തിൽ സംസാരിക്കുന്ന നിരവധി രാജ്യങ്ങളുമായി ഞാൻ അടുത്ത ബന്ധത്തിലാണ്,” ഗുട്ടെറസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “ഞാൻ എന്റെ തുർക്കി സുഹൃത്തുക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു, അതുപോലെ, ഞാൻ ഇന്ത്യയുമായും ഖത്തർ, ഇസ്രായേൽ, ചൈന, ഫ്രാൻസ്, ജർമ്മനി എന്നിവയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഈ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഈ ശ്രമങ്ങളെല്ലാം ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കിഴക്കൻ ഉക്രെയ്‌നുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് സെലെൻസ്‌കി സൂചന നൽകി
നിക്ഷ്പക്ഷത പ്രഖ്യാപിക്കാനും രാജ്യത്തിന്റെ വിമത കിഴക്കൻ പ്രദേശങ്ങളിൽ ഒത്തുതീർപ്പിനായി ചർച്ച നടത്താനും ഉക്രെയ്ൻ തയ്യാറാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ചൊവ്വാഴ്‌ച യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത റൗണ്ട് ചർച്ചകൾക്ക് മുന്നോടിയായാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

എന്നാല്‍, റഷ്യൻ നേതാവുമായുള്ള ഒറ്റയാൾ ചർച്ചകൾക്ക് മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്ന് സെലെൻസ്കി ആവർത്തിച്ചു. നേരത്തെ നടത്തിയ വീഡിയോ കോൺഫറൻസുകളും മുഖാമുഖ ചർച്ചകളും യുദ്ധം നിർത്തുന്ന വിഷയത്തിൽ പുരോഗതി കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഈ യുദ്ധത്തിൽ ഇതുവരെ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ഏകദേശം 4 ദശലക്ഷം ഉക്രേനിയൻ പൗരന്മാർ പലായനം ചെയ്യുകയും ചെയ്തു.

സെലെൻസ്‌കിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന്
ഒരു സ്വതന്ത്ര റഷ്യൻ മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്‌കി ഒരു ഇളവിനെക്കുറിച്ച് സൂചന നൽകി. പക്ഷേ, “നമ്മുടെ രാജ്യത്തിന്റെ ആണവ ഇതര പദവിയായ സുരക്ഷാ ഗ്യാരണ്ടിയും നിഷ്പക്ഷതയും നിലനിർത്താൻ ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. ഏത് കരാറിലും സുരക്ഷ ഉറപ്പ് വരുത്തണമെന്നും സെലെൻസ്‌കി ഊന്നിപ്പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുടെ നേറ്റോ സഖ്യത്തിൽ ചേരാനുള്ള പ്രതീക്ഷ ഉക്രെയ്ൻ ഉപേക്ഷിക്കണമെന്ന് റഷ്യ പണ്ടേ ആവശ്യപ്പെടുന്നുണ്ടായിരുന്നു. കാരണം മോസ്കോ അത് ഒരു ഭീഷണിയായി കാണുന്നു. സെലെൻസ്‌കി മുൻകാലങ്ങളിൽ ഈ നടപടികൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും അത്ര ബോധ്യപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചിരുന്നില്ല. സെലെൻസ്‌കിയുടെ ഏറ്റവും പുതിയ പരാമർശങ്ങൾ ഇസ്താംബൂളിലെ ചർച്ചകൾക്ക് ഊർജം പകരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അഭിമുഖം പ്രസിദ്ധീകരിക്കുന്നത് റഷ്യ നിരോധിച്ചു.

നേറ്റോയെ ശക്തിപ്പെടുത്താൻ യുഎസ് ആറ് നാവിക വിമാനങ്ങൾ വിന്യസിച്ചു
കിഴക്കൻ യൂറോപ്പിലെ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നേറ്റോ) സുരക്ഷ ശക്തിപ്പെടുത്താൻ ഇലക്ട്രോണിക് യുദ്ധത്തിൽ വൈദഗ്ധ്യമുള്ള ആറ് നാവിക വിമാനങ്ങൾ വിന്യസിക്കുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് പെന്റഗൺ അറിയിച്ചു. ഇതുകൂടാതെ കിഴക്കൻ യൂറോപ്പിൽ 240 നാവികരെ യുഎസ് വിന്യസിക്കുന്നുണ്ട്.

വാഷിംഗ്ടൺ സ്‌റ്റേറ്റിലെ നാവിക താവളമായ വിഡ്‌ബെ ഐലൻഡ് ആസ്ഥാനമായുള്ള ഇഎ-18ജി ‘ഗ്രൗളർ’ വിമാനം തിങ്കളാഴ്ച ജർമ്മനിയിലെ സ്‌പാങ്‌ഡഹ്‌ലെം വിമാനത്താവളത്തിൽ എത്തുമെന്നും അവിടെ അവ നിലയുറപ്പിക്കുമെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. പെന്റഗൺ വക്താവ് പറയുന്നതനുസരിച്ച്, ഈ വിമാനങ്ങൾ ഉക്രൈൻ യുദ്ധത്തിൽ ഉപയോഗിക്കില്ല.

അതിനിടെ, യു.എസ്. ഇന്റലിജൻസ് വിലയിരുത്തലുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ, അജ്ഞാതാവസ്ഥയിൽ സംസാരിച്ച ഒരു മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞത് ഉക്രെയ്നിലെ സ്ഥിതിഗതികൾ കാര്യമായി മാറിയിട്ടില്ല എന്നാണ്.

Print Friendly, PDF & Email

Leave a Comment

More News