കെ റെയില്‍: ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കെസിബിസി

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ മൂലം നിരവധി കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള സര്‍വേ, ഏഴിമല നാവിക അക്കാദമിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

മുഴപ്പിലങ്ങാട്-മാഹി വഴിയുള്ള തലശേരി സമാന്തരപാത നിര്‍മാണത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുപ്പ് കഴിഞ്ഞെങ്കിലും അടുത്തകാലത്ത് മാത്രമാണ് പണി ആരംഭിച്ചത്. ഇത്തരം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവയ്ക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ എതിരല്ല. എന്നാല്‍ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അതിനായി ബലപ്രയോഗങ്ങള്‍ നടത്തുന്നതും ജനാധിപത്യ വിരുദ്ധമാണ്. അതിനെതിരായ ശബ്ദങ്ങളെ രാഷ്ട്രീയമായും പോലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്.

ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഇതിനകം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്. കെ റെയിലിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളെ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനപക്ഷത്ത് നിന്ന് പരിഗണിക്കാനും അവയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ തയാറാകണം.
ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍ പദ്ധതിയുടെ പൂര്‍ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണം. പദ്ധതി നടക്കുമോ ഇല്ലയോ എന്നുപോലും ഉറപ്പായിട്ടില്ലെങ്കിലും ഇപ്പോള്‍ അടയാളപ്പെടുത്തപ്പെട്ടുപോയാല്‍ ആ ഭൂമി ഒരുപക്ഷെ പതിറ്റാണ്ടുകളോളം ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ഇപ്പോഴുള്ള സര്‍വേ രീതിക്ക് പകരം മറ്റു രീതികള്‍ അവലംബിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News