ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചനീക്കുന്നത് സുപ്രീം കോടതി തടഞ്ഞു

ന്യുഡല്‍ഹി: കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത കോളനികള്‍ േകാര്‍പറേഷന്‍ പൊളിച്ചുനീക്കുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ക്രിമിനലുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇടിച്ചുനിരത്തില്‍ എന്നാല്‍ കോര്‍പറേഷന്റെ വാദം. താമസസ്ഥലങ്ങള്‍ക്കു പുറമേ ചെറുകിട കച്ചവട സ്ഥാപനങ്ങളും പണ്ണുമാന്തി യന്ത്രങ്ങളും ബുള്‍ഡോസറും ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്.

ഇടിച്ചുനിരത്തലിനെതിരെ പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നടപടിക്ക് സ്‌റ്റേ അനുവദിച്ചു. ഇടിച്ചുനിരത്തലുകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാനും തത്സ്ഥിതി തുടരാനും ചീഫ് ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ച് നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ വിശദമായ വാദം നാളെ കേള്‍ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എന്നാല്‍ കോടതി സ്‌റ്റേ നല്‍കിയിട്ടും ഇടിച്ചുനിരത്തല്‍ തുടരുകയാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കോടതി ഉത്തരവ് കയ്യില്‍ കിട്ടിയിട്ടില്ലെന്ന് നോര്‍ത്ത് എംസിഡി കമ്മീഷണര്‍ സഞ്ജയ് ഗോയല്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലെയും റോഡുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിക്കുക തന്നെ ചെയ്യും.അത്തരം നടപടികള്‍ മുന്‍പും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ വീണ്ടു കയ്യേറ്റം നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍, ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ അവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്ന പരിപാടിക്ക് ഉത്തര്‍പ്രദേശിലാണ് തുടക്കമായത്. പിന്നീട് മധ്യപ്രദേശിലും ഈ നടപടി തുടര്‍ന്നു. ഡല്‍ഹിയിലും വര്‍ഗീയ സംഘര്‍ഷത്തിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന കോര്‍പറേഷനിലും പൊളിക്കല്‍ നടപടി നടപ്പാക്കുകയായിരുന്നു.

12 കമ്പനി സിആര്‍പിഎഫ് സൈനികവരുടെയും (ഏകദേശം 1250 പേര്‍) 400 ഓളം വരുന്ന പോലീസുകാരുടെയും കാവലിലാണ് പൊളിക്കല്‍ തുടരുന്നത്. രണ്ട് ഷിഫ്ടുകളായി തിരിച്ചാണ് ഇവരെ ഡ്യുട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

ഇടിച്ചുനിരത്തലിനെതിരെ വിമര്‍ശനവുമായി ഒക്‌ല എംഎല്‍എ അമാനുള്ള ഖാന്‍ രംഗത്തെത്തി. ഒരു പ്രത്യേക സമുദായത്തിന്റെ വീടുകളും കടകളുമാണ് ഇടിച്ചുനിരത്തുന്നതെന്നും കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ റമദാന്‍ മാസത്തില്‍ അവരെ ഉപദ്രവിക്കുകയാണ് അധികാരികള്‍ ചെയ്യുന്നതെന്നും എംഎല്‍എ പറഞ്ഞു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുന്‍കൂട്ടി നോട്ടീസോ അറിയിപ്പോ നല്‍കാതെയാണ് അധികാരികള്‍ ഇന്നു രാവിലെ പൊളിക്കലിന് എത്തിയതെന്ന പ്രദേശവാസികള്‍ പറയുന്നു. കടകളില്‍ നിന്ന് സാധനങ്ങള്‍ എടുത്തുമാറ്റാമെന്ന് പോലീസിനോട് പല തവണ പറഞ്ഞിരുന്നു. എന്നാല്‍ കടകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും അതിനാല്‍ മാറ്റേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ കടകള്‍ പൊളിച്ചുനീക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

:ോടതി ഉത്തരവിട്ടിട്ടും പൊളിക്കല്‍ തുടര്‍ന്ന കോര്‍പറേഷന്‍ അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഎം പി.ബി അംഗം ബൃന്ദാ കാരാട്ട് സ്ഥലത്തെത്തി. പൊളിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ നടപടി തുടര്‍ന്ന പോലീസ് അവരെ സ്ഥലത്തുനിന്ന് നീക്കി. രാജ്യത്ത് ബുള്‍ഡോസര്‍ ജനാധിപത്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News