നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി; 50 ദശലക്ഷം യെമന്‍ റിയാല്‍ ദയാധനം ആവശ്യപ്പെട്ടുവെന്ന് അധികൃതര്‍

ന്യുഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി. യെമന്‍ ജയില്‍ അധികൃതര്‍ ജയിലിലെത്തി നിമിഷ പ്രിയയോട് ദയാധനത്തെ കുറിച്ച് സംസാരിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 ദശലക്ഷം (5 കോടി)യെമന്‍ റിയാലാണ്. ഏകദേശം 1.52 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വരുമിത്. റംസാന്‍ അവസാനിക്കുന്നതിനു മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന നിമിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നിമിഷയുമായി സംസാരിച്ചുവെന്നും എത്രയും പെട്ടെന്നുള്ള ഇടപെടല്‍ വേണമെന്ന് നിമിഷ ആവശ്യപ്പെട്ടതായും ഭര്‍ത്താവ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ നിമിഷ പ്രിയ നല്‍കിയ അപ്പീലുകള്‍ യെമന്‍ കോടതികള്‍ തള്ളിയതോടെ മെയന്‍ നിയമപ്രകാരം ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടുകയാണ് ഏക പോംവഴി. ദയാധനം സ്വീകരിക്കാന്‍ ആദ്യമൊന്നും തലാലിന്റെ കുടുംബം തയ്യാറായില്ലെങ്കിലും നിരന്തരം ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് വഴങ്ങുകയായിരുന്നു.

നിമിഷ പ്രിയയുടെ മോചനത്തിന് അപ്പീല്‍ നല്‍കാന്‍ കുടുംബത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നിമിഷയുടെ കുടുംബാംഗങ്ങള്‍ക്കും മോചനത്തിനു വേണ്ടിയുള്ള ആക്ഷന്‍ കൗണ്‍സിലിനും മെയനിലേക്ക് പോകുന്നതിനുള്ള യാത്രാനിയന്ത്രണം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News