മിഷിഗണ്‍ പോലീസ് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരന്റെ ശവസംസ്‌കാരച്ചടങ്ങിൽ നീതി തേടി പ്രതിഷേധ പ്രകടനം

മിഷിഗണ്‍: വെള്ളിയാഴ്ച മിഷിഗൺ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 26 കാരനായ കറുത്ത വർഗക്കാരനായ പാട്രിക് ലിയോയയുടെ ശവസംസ്കാര ചടങ്ങിൽ രോഷാകുലരായ ജനക്കൂട്ടം നീതി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടത്തി.

ലിയോയയെ തലയ്ക്ക് പിന്നിൽ മാരകമായി വെടിവച്ച കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ പൗരാവകാശ നേതാവ് അൽ ഷാർപ്റ്റൺ യുഎസ് ജസ്റ്റിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

“ഞങ്ങൾക്ക് അയാളുടെ പേര് വേണം!” ലിയോയയുടെ കുടുംബവും പോലീസ് അക്രമത്തിന് ഇരയായ മറ്റ് കറുത്ത വർഗക്കാരുടെ കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വിലാപയാത്രക്കാരെക്കൊണ്ട് നിറഞ്ഞ പള്ളിയില്‍ ഷാർപ്റ്റൺ പറഞ്ഞു. ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെന്നും, നീതി ലഭിക്കും വരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ നിന്ന് യുഎസ് പോലീസ് പുറത്തുവിട്ട നാല് വീഡിയോകളിൽ, ഉദ്യോഗസ്ഥൻ ലിയോയയുമായി മല്‍പിടുത്തം നടത്തുന്നതും ലിയോയയുടെ തലയ്ക്ക് വെടിവെയ്ക്കുന്നതും കാണിക്കുന്നു. അധികൃതര്‍ പറയുന്നതനുസരിച്ച്, കുറ്റം ചുമത്തണോ എന്ന് സംസ്ഥാന പോലീസ് അന്വേഷിക്കുകയാണ്. നിലവില്‍ ഉദ്യോഗസ്ഥൻ ശമ്പളത്തോടുകൂടിയ അവധിയിലാണ്.

“ഓരോ തവണയും ഈ നഗരത്തില്‍ ഒരു കറുത്ത യുവാവോ സ്ത്രീയോ അറസ്റ്റിലാകുമ്പോൾ, നിങ്ങൾ അവരുടെ പേര് വാർത്തകളിൽ കൊടുക്കുന്നു, ഓരോ തവണയും ഞങ്ങൾ സംശയമുന്നയിക്കുമ്പോള്‍ നിങ്ങൾ ഞങ്ങളുടെ പേര് പുറത്തുവിടുന്നു, എന്നാല്‍, ഈ മനുഷ്യനെ കൊന്ന ഒരാളുടെ പേര് പറയാൻ നിങ്ങൾ എന്തുകൊണ്ട് മടിക്കുന്നു? ഞങ്ങള്‍ക്ക് അയാളുടെ പേര് വേണം,” ഷാര്‍പ്റ്റണ്‍ പറഞ്ഞു.

സമീപ വർഷങ്ങളിൽ നീതിയുടെയും വംശീയ വിരുദ്ധ പ്രതിഷേധങ്ങളുടെയും തരംഗത്തിന് തിരികൊളുത്തിയ യുഎസ് പോലീസ് കൊലപ്പെടുത്തിയ കറുത്തവർഗ്ഗക്കാരുടെ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ലിയോയയുടെ മരണം.

അമേരിക്കയിലും ലോകമെമ്പാടുമുള്ള വ്യാപകമായ പ്രതിഷേധത്തിന് കാരണമായ ജോർജ്ജ് ഫ്ലോയിഡിനെ 2020-ൽ ഒരു യുഎസ് പോലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതിനുശേഷം, യുഎസിൽ വ്യവഹാരത്തിനും വംശീയതയ്‌ക്കെതിരായ പോരാട്ടത്തിനുമുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News