റബര്‍ വിപണി അട്ടിമറിക്കാന്‍ ആസൂത്രിത അണിയറ നീക്കം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് സര്‍ക്കാരും റബര്‍ ബോര്‍ഡും ഒത്താശ ചെയ്യുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കര്‍ഷകര്‍ വന്‍ വിപണി തകര്‍ച്ച നേരിടേണ്ടി വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

വിപണി അട്ടിമറിക്കാന്‍ ആസൂത്രിതമായി നടക്കുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണ് രാജ്യാന്തര വില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിവില താഴുന്നത്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ഉയരുമ്പോള്‍ സ്വാഭാവികമായും പ്രകൃതിദത്ത റബറിന്റെയും വില ഉയരേണ്ടതാണ്. വിലയുയര്‍ത്താതെ വിപണിയിടിച്ച് വ്യവസായികള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നിലവിലുള്ള റബര്‍ ആക്ട് പ്രകാരം നടപടികളെടുക്കാന്‍ റബര്‍ ബോര്‍ഡ് ശ്രമിക്കാത്തത് ദുഃഖകരമാണ്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ റബറിന് ഷെയ്ഡ് ഇടുന്ന കാലമാണ്. ഈയവസരത്തിലെങ്കിലും വിപണിയില്‍ മാറ്റങ്ങള്‍ കര്‍ഷകര്‍ പ്രതീക്ഷിച്ചു. പശയുടെയും പ്ലാസ്റ്റിക്കിന്റെയും ഷെയ്ഡിന്റെയും വില കുതിച്ചുയര്‍ന്നിരിക്കുന്നതും കര്‍ഷകരെ റബര്‍ ടാപ്പിംഗില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുന്നു. റബറിന് 250 രൂപ അടിസ്ഥാനവില നല്‍കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരും ഒളിച്ചോട്ടം നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സിയാല്‍ മോഡല്‍ റബര്‍ കമ്പനി വന്നതുകൊണ്ട് കര്‍ഷകര്‍ക്ക് റബറിന് കൂടുതല്‍ വില ലഭിക്കുമെന്ന പ്രതീക്ഷയും ഈയവസരത്തില്‍ അസ്ഥാനത്താണെന്നും ബോര്‍ഡ് വിഭാവനം ചെയ്യുന്ന ഇ പ്ലാറ്റ് ഫോം വിപണി ചെറുകിട കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കില്ലെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News