മാടമ്പിത്തരം കുടുംബത്ത് വച്ചിട്ട് വരണം; സമരക്കാരെ വിമര്‍ശിച്ച് കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: കെഎസ്ഇബി സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെയര്‍മാന്‍ ബി. അശോക്. മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ടാണ് ജോലിക്ക് വരേണ്ടതെന്നും ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടാ എന്ന് പറയുമെന്നും അശോക് പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രോഷാകുലനായത്. എടാ പോടാ എന്ന് ദുര്‍ബല സമുദായത്തില്‍പ്പെട്ട ഡയറക്ടറിനെ വിളിച്ചാല്‍ ഇരിക്കെടോ എന്ന് മാന്യമായി പറയും. അല്ലെങ്കില്‍ കയ്യോടെ മെമ്മോ കൊടുക്കും. നടപടിയുണ്ടാകും. ആരുടെയും മുറുക്കാന്‍ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ല. അച്ചടക്ക ലംഘനം ഇനി വെച്ചു പൊറുപ്പിക്കാനാകില്ല.

ഒരു തവണ മന്ത്രിയുടെ ഓഫീസില്‍ ചായ കൊടുത്തവര്‍ വരെ പിന്നീട് എക്സിക്യൂട്ടീവുമാരെ വിരട്ടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും അതില്‍ വീണുപോയിട്ടുണ്ട്. എന്നാല്‍ തന്നോട് അതുണ്ടായിട്ടില്ല. അതൊട്ട് നടക്കാനും പോകുന്നില്ല.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന സമരക്കാരുടെ ആരോപണം സമ്മര്‍ദ്ദതന്ത്രമാണ്. അതിന് വഴങ്ങാന്‍ സാധ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍പ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അന്നും സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ല. സമരത്തിന് തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കുന്ന ഒച്ചപ്പാടിന് അപ്പുറം യാതൊരു പ്രാധാന്യവും ഇല്ലെന്നും അശോക് വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News