കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തി; നാല് കറക്‌ഷൻ ഓഫീസർമാർ അറസ്റ്റിൽ

വെസ്റ്റ് മിയാമി (ഫ്ളോറിഡ): മയാമി കൗണ്ടി ജയിലിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ നാലു ഫ്ളോറിഡ സ്റ്റേറ്റ് കറക്‌‍ഷൻ ഓഫീസർമാർ അറസ്റ്റിൽ.

റൊണാൾഡ് കോണർ, ജെറിമി ഗോഡ്ബോൾട്ട്, ക്രസ്റ്റഫർ റോളൻ, കാർക്ക് വാൾട്ടൻ എന്നിവർക്കെതിരെ സെക്കൻഡ് ഡ്രിഗി മർഡർ, ക്രൂവൽ ട്രീറ്റ്മെന്‍റ്, എൽഡർലി പേഴ്സൺ അബ്യൂസ് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു ജയിലിലടച്ചു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ മൂന്നു വരെ ഏപ്രിൽ 28 നും ഒരാളെ ഏപ്രിൽ 29നു മാണ് അറസ്റ്റ് ചെയ്തത്.

മാനസിക രോഗികളെ പാർപ്പിച്ചിരുന്ന മുറിയിലെ കൊലക്കേസ് പ്രതി റൊണാൾഡ് ഇൻഗ്രാം (60) ഒരു ഓഫീസറുടെ നേരെ മൂത്രം ഒഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെതുടർന്നു ഇയാളെ കൈയാമം വച്ച് നാലു പേരും ചേർന്ന് ക്രൂരമായി മർദിച്ചു. തീരെ അവശനായ പ്രതിയെ അവിടെനിന്നും വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഇയാൾ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

1600 മണിക്കൂറുകൾ നീണ്ടുനിന്ന ‌അന്വേഷണത്തിനൊടുവിൽ മെഡിക്കൽ ‌എക്സാമിനറുടെ റിപ്പോർട്ടിൽ പ്രതി മരിച്ചത് വാരിയെല്ലുകൾ ഒടിഞ്ഞും ശ്വാസ കോശങ്ങൾ തകർന്നും ആന്തരിക രക്തസ്രാവത്താലുമാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് അറസ്റ്റ്

ഇത്തരം സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതു ഫ്ളോറിഡയിൽ നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നും സ്റ്റേറ്റ് അറ്റോർണി കാതറിൻ ഫെർണാണ്ടസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News