കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് പുതുജീവനേകാന്‍ ആരെന്‍ഖ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് (കെഎഎല്‍) പുതു ജീവനേകാന്‍ ആരെന്‍ഖ്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ആരെന്‍ഖ് ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. രണ്ട് ദശാബ്ദമായി ഈ രംഗത്ത് പ്രവൃത്തി പരിചയമുള്ളവരാണ് കമ്പനി മേധാവികള്‍. ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍, മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ എന്നിവ ആരെന്‍ഖ്വായിരിക്കും കെഎഎല്ലിന് നല്‍കുക. കൂടാതെ ഇരു കമ്പനികളും പുതിയ ഡിസൈനുകളും വാഹനങ്ങളും നിര്‍മ്മിക്കുവാനായി സംയുക്തമായി പ്രവര്‍ത്തിക്കും. ഇനി മുതല്‍ കെഎഎല്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സര്‍വീസ് നടത്തുക ആരെന്‍ഖ് ആയിരിക്കും. ഇന്ത്യയിലുടനീളം കെഎഎല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാം പ്രധാന നഗരങ്ങളിലും ലൂക്കാസ് ടിവിഎസ്സുമായും ചേര്‍ന്ന് സര്‍വീസ് സെന്ററുകള്‍ തുടങ്ങാനാണ് ആരെന്‍ഖ്വിന്റെ പദ്ധതി.

”നിലവില്‍ 200 ഇലക്ട്രിക്ക് ഓട്ടോകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കരാര്‍ ആയിട്ടുണ്ട്. അവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. ദീര്‍ഘ കാലം ലൈഫ് ലഭിക്കുന്ന ലിഥിയം ബാറ്ററികളാണ് വണ്ടികളില്‍ ഉപയോഗിക്കുന്നത്. കൂടാതെ മോട്ടര്‍, കണ്‍ട്രോളറുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നത് ചെന്നൈ ആസ്ഥാനമായുള്ള ലൂക്കാസ് ടിവിഎസ്സില്‍ നിന്നാണ്. അവരുമായി 3 വര്‍ഷത്തെ കരാറില്‍ ആരെന്‍ഖ് ഏര്‍പ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷം സര്‍വീസ് വാറന്റ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസ്സിസ്റ്റന്‍സും ഞങ്ങള്‍ നല്‍കും”, ആരെന്‍ഖ് സിഇഒ വി ജി അനില്‍ പറഞ്ഞു.

‘റിമോട്ട് മോണിറ്ററിങ് സംവിധാനത്തിലൂടെ ഓരോ വണ്ടിയുടെയും തല്‍സ്ഥിതി അറിയാന്‍ കഴിയും. അതായത് ബാറ്ററിയുടെ കപ്പാസിറ്റി, എത്ര ദൂരം ഓടാനുള്ള ചാര്‍ജ് ഉണ്ട്, വണ്ടി എവിടെയാണ് ഇപ്പോള്‍ ഉള്ളത്, മറ്റെന്തെങ്കിലും കംപ്ലൈന്റ്‌റ് ഉണ്ടോ എന്നൊക്കെ ഞങ്ങളുടെ ടീമിന് അറിയാന്‍ കഴിയും. വാഹനം വാങ്ങുന്നവര്‍ക്ക് മികച്ച റോഡ് അസിസ്റ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെ റെഡി അസിസ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ അവരുടെ സേവനം 90 ശതമാനം മേഖലകളിലും ലഭ്യമാണ്. അത് കൊണ്ട് തന്നെ പുറത്തിറക്കുന്ന ഓട്ടോകള്‍ കേരളത്തില്‍ പരമാവധി വില്‍ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ഇതിന് മുന്‍പ് കെഎഎല്‍ പുറത്തിറക്കിയ വാഹനങ്ങള്‍ക്കും ഞങ്ങള്‍ സര്‍വീസ് നല്‍കാന്‍ തയ്യാറാണ്. അക്കാര്യം കെഎഎല്ലുമായി ചര്‍ച്ച ചെയ്തു വരുന്നു. അതിനായി ഞങ്ങളുടെ ഓഫീസ് നെയ്യാറ്റിന്‍കരയില്‍ കെഎഎല്ലിന് സമീപത്തായി തുടങ്ങിയിട്ടുണ്ട്.’ ആരെന്‍ഖ് ബിസിനസ് ഹെഡ് മനോജ് സുന്ദരം പറഞ്ഞു.

യുപിഎസ്, സോളാര്‍ ബാറ്ററി നിര്‍മ്മാണത്തില്‍ പ്രധാനികളായ ആരെന്‍ഖ് പിന്നീട് ഇലക്ട്രിക്ക് ബാറ്ററികളുടെ നിര്‍മ്മാണ-വിതരണത്തിലേക്ക് തിരിയുകയും ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപിക്കുകയുമാണ്. അതിന്റെ ഭാഗമായി ടിവിഎസ് ലൂക്കാസില്‍ നിന്ന് ഇലക്ട്രിക്ക് ബൈക്ക്, ഓട്ടോ, പിക്കപ്പ് വാന്‍ എന്നിവയ്ക്ക് വേണ്ടി 1 മുതല്‍ 15 കിലോ വാട്ട് വരെ ശേഷിയുള്ള മോട്ടോറുകള്‍, കണ്ട്രോളറുകള്‍ എന്നിവ വിതരണം ചെയ്യുവാനും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തുടക്കത്തില്‍ ഒരു വര്‍ഷം അന്‍പതിനായിരം യൂണിറ്റുകള്‍ വില്‍ക്കാനാണ് പദ്ധതി. കൂടാതെ ടെക്‌നോളജി മുന്‍നിര കമ്പനിയായ ആര്‍ഡിഎല്‍ ടെക്‌നോളോജിസുമായി സഹകരിച്ച് ബാറ്ററി മാനേജ്മന്റ് സിസ്റ്റത്തില്‍ നിന്ന് വിവരങ്ങള്‍ ക്ളൗഡ് സെര്‍വറിലേക്ക് ശേഖരിച്ച് വിശകലനം ചെയ്യുന്ന പദ്ധതിയും ആരെന്‍ഖ് നടപ്പാക്കി വരുന്നു. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹന വിപണയില്‍ വലിയ മാറ്റം കൊണ്ടുവരാനാണ് ആരെന്‍ഖ്വിന്റെ പദ്ധതികള്‍.

Print Friendly, PDF & Email

Related posts

Leave a Comment