ഉക്രെയ്നെതിരെ ആണവായുധം ഉപയോഗിക്കുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതം: റഷ്യ

റഷ്യ ഉക്രെയ്നിൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റഷ്യ. മോസ്‌കോയുടെ ആണവ ആക്രമണത്തിന്റെ സാധ്യതയെ സൂചിപ്പിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ “മനഃപൂർവം നുണകൾ” ആണെന്ന് നിരസിച്ചുകൊണ്ട് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് അലക്‌സി സെയ്‌റ്റ്‌സെവ് പറഞ്ഞു.

വെള്ളിയാഴ്ച മോസ്‌കോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ സൈനിക ആക്രമണത്തിന്റെ ലക്ഷ്യമല്ല ആണവായുധങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നമ്മുടെ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതകൾ റഷ്യൻ പ്രമാണരേഖകളിൽ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. ഉക്രെയ്നിലെ പ്രത്യേക സൈനിക നടപടിയുടെ സമയത്ത് നിശ്ചയിച്ചിട്ടുള്ള ചുമതലകൾ നടപ്പിലാക്കുന്നതിന് അവ ബാധകമല്ല, ”അദ്ദേഹം പറഞ്ഞു.

“ഒരു ആണവയുദ്ധത്തിൽ വിജയികളുണ്ടാകില്ല, അത് അഴിച്ചുവിടാൻ പാടില്ല എന്ന തത്വത്തിൽ റഷ്യ ഉറച്ചുനിൽക്കുന്നു,” സെയ്റ്റ്സെവ് പറഞ്ഞു.

വാഷിംഗ്ടണിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റനോവും പാശ്ചാത്യ റിപ്പോർട്ടുകളോട് പ്രതികരിച്ചു. റഷ്യയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം “അടിസ്ഥാനരഹിത” ആരോപണങ്ങളെന്ന് പറഞ്ഞു.

തങ്ങളുടെ ആണവ സേനയെ അതീവ ജാഗ്രതയിലാക്കാനുള്ള മോസ്കോയുടെ സമീപകാല തീരുമാനത്തെ പാശ്ചാത്യ രാജ്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതായും നയതന്ത്രജ്ഞൻ ആരോപിച്ചു. ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഏറ്റുമുട്ടൽ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News