വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ആദ്യ കറുത്ത വംശജ ജീൻ പിയറി മെയ് 13ന് ചുമതലയേൽക്കും

വാഷിംഗ്ടണ്‍: ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാക്കിയുടെ ഒഴിവിലേക്ക് പുതിയ പ്രസ് സെക്രട്ടറിയായി ജീൻ പിയറി മെയ് 13 ന് സ്ഥാനമേൽക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സ്ഥാനമൊഴിയുന്ന ജെൻ സാക്കി എസ്എൻബിസി ചാനലിലായിരിക്കും പ്രവര്‍ത്തിക്കുക.

പുതിയ സെക്രട്ടറി ജീൻ പിയറി വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ പ്രസ് സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന ആദ്യ കറുത്ത വർഗക്കാരിയാണ്. തന്നെയുമല്ല, ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ സ്വവർഗാനുരാഗിയുമാണ്.

ഒബാമ പ്രസിഡന്റായി മത്സരിച്ചപ്പോഴും, 2020 ൽ ബൈഡൻ മത്സരിച്ചപ്പോഴും പ്രചാരണ രംഗത്ത് ജീൻ സുപ്രധാന പങ്കുവഹിച്ചിരുന്നു.

ഇപ്പോൾ വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജീൻ, പുതിയ തസ്തികയിൽ തന്റെ ശബ്ദമായിരിക്കുമെന്ന് നാമനിര്‍ദ്ദേശത്തിനു ശേഷം നടത്തിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു.

ബൈഡൻ ഭരണകൂടത്തില്‍ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ പ്രസ് സെക്രട്ടറിയാണ് ജെൻ സാക്കി. അടുത്തിടെ കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സിമോൺ സാന്റേഴ്സും രാജിവച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News