കേസി വൈറ്റും വിക്കി വൈറ്റും “ജയിൽ ഹൗസ് റൊമാന്‍സിലായിരുന്നു”: അധികൃതര്‍

അലബാമ: ജയിലില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി കേസി വൈറ്റും അയാളെ രക്ഷപ്പെടാന്‍ സഹായിച്ച ജയിലര്‍ വിക്കി വൈറ്റും “ജയിൽ ഹൗസ് റൊമാൻസില്‍” ആയിരുന്നു എന്ന് വാൻഡൻബർഗ് കൗണ്ടി ഷെരീഫ് ഡേവ് വെഡ്ഡിംഗ് ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ കേസി നിര്‍ബ്ബന്ധിച്ചതുകൊണ്ടല്ല മറിച്ച് അതൊരു “പരസ്പര ബന്ധമായിരുന്നു” എന്നും അദ്ദേഹം പറഞ്ഞു.

കേസി വൈറ്റ് കൊലപാതകശ്രമത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും 75 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. കൂടാതെ, 2015 ലെ മോഷണത്തിനിടെ ഒരു സ്ത്രീയെ കുത്തിക്കൊന്ന കുറ്റത്തിന് വിചാരണ കാത്തിരിക്കുകയായിരുന്നു. കുറ്റം തെളിഞ്ഞാൽ അയാൾക്ക് വധശിക്ഷ ലഭിച്ചേക്കും.

ഇവാൻസ്‌വില്ലിലെ ഒരു മോട്ടലിൽ ഇരുവരും ആറ് ദിവസത്തോളം താമസിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അവരുടെ ഐഡന്റിറ്റി മറയ്ക്കാൻ ഉദ്ദേശിച്ചുള്ള വിഗ്ഗുകൾ അധികൃതർ കണ്ടെത്തി. നഗരത്തിൽ ഇരുവർക്കും ബന്ധുക്കളോ മറ്റ് ബന്ധങ്ങളോ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ലെന്ന് വെഡ്ഡിംഗ് പറഞ്ഞു.

6’9″ ഉയരവും 260 പൗണ്ട് തൂക്കവുമുള്ള കേസി വൈറ്റിനോട് സാമ്യമുള്ള ഒരാൾ ഒരു പിക്കപ്പ് ട്രക്കിൽ നിന്ന് ഇറങ്ങുന്നത് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതായി ഒരു കാർ വാഷിന്റെ മാനേജർ അറിയിച്ചതിനെത്തുടർന്നാണ് അധികൃതര്‍ അവരെ പിന്തുടര്‍ന്നത്.

അവർ പിക്കപ്പ് കണ്ടെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തുടർന്ന് ദമ്പതികൾ കാഡിലാക്കിലേക്ക് മാറിയിരിക്കാമെന്ന് മനസ്സിലാക്കി. അത് അടുത്തുള്ള ഒരു മോട്ടലിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. ദമ്പതികൾ മോട്ടൽ വിട്ടപ്പോൾ പോലീസ് അവരെ പിന്തുടർന്നുവെന്ന് അധികൃതർ പറഞ്ഞു.

ഇരുവരുടെയും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ താൻ ഒരു ഷൂട്ടൗട്ട് നടത്താൻ പോകുകയാണെന്ന് പിടികൂടിയപ്പോള്‍ കേസി വൈറ്റ് പോലീസിനോട് പറഞ്ഞതായി വെഡ്ഡിംഗ് പറഞ്ഞു.

ഇന്ത്യാന കോടതിമുറിയിൽ കേസി ചൊവ്വാഴ്ച വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടു. കേസിയെ അലബാമയിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു. കൊലപാതക കേസിൽ കേസിയുടെ അഭിഭാഷകനായ ജാമി പോസ് പ്രതികരിക്കാൻ വിസമ്മതിച്ചു.

ലോഡർഡേൽ കൗണ്ടി ജയിലിലെ കറക്ഷന്‍ അസിസ്റ്റന്റ് ഡയറക്ടർ വിക്കി വൈറ്റ് രക്ഷപ്പെടുന്നതിന് മുന്നോടിയായി റിട്ടയര്‍മെന്റിന്റെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രക്ഷപ്പെടുന്ന ദിവസം (ഏപ്രിൽ 29) അവരുടെ അവസാന ജോലി ദിവസമായിരുന്നു.

16 വർഷം കൂടെ ജോലി ചെയ്ത സഹപ്രവര്‍ത്തക ഷെറി സില്‍‌വസ്റ്റര്‍ ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ല. “അവൾ തെറ്റ് ചെയ്തുവെന്നും ഭയങ്കരമായ തെറ്റ് ചെയ്തുവെന്നും എനിക്കറിയാം, പക്ഷേ അവൾ ഇപ്പോഴും ഞങ്ങളുടെ സുഹൃത്താണ്,” ദീർഘകാല ജയിൽ ജീവനക്കാരിയായ ഷെറി പറഞ്ഞു.

തടവുകാരെ, പ്രത്യേകിച്ച് കുടുംബമില്ലാത്തവരെ സഹായിക്കാൻ വൈറ്റ് പലപ്പോഴും ശ്രമിച്ചിരുന്നതായി അവര്‍ പറഞ്ഞു. എന്നാൽ വൈറ്റ് അതിരു കടക്കുന്ന ഒന്നും ചെയ്യുന്നത് താൻ കണ്ടിട്ടില്ലെന്ന് സിൽവസ്റ്റർ പറഞ്ഞു.

രക്ഷപ്പെടുന്നതിന്റെ തലേദിവസം താൻ അവസാനമായി അവനുമായി ഫോണിൽ സംസാരിച്ചതായി കേസി വൈറ്റിന്റെ അമ്മ കോന്നി മൂർ പറഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മകന് അറിയില്ലായിരിക്കാം എന്ന് അവർ പറഞ്ഞു.

പിടികൂടുമ്പോള്‍ അവരുടെ കൈവശം 29,000 ഡോളറും, നാല് കൈത്തോക്കുകളും ഒരു AR-15 റൈഫിളും ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ വെടിവയ്പ്പിന് തയ്യാറായിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു.

അവര്‍ സഞ്ചരിച്ച കാര്‍ ഒരു കുഴിയില്‍ ഇടിച്ചു നിന്നയുടനെ കേസി വൈറ്റ് (38) കീഴടങ്ങി. എന്നാല്‍, വിക്കി വൈറ്റിനെ (56) തലയില്‍ വെടിയേറ്റ നിലയിൽ കണ്ടെത്തി, ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു.

വൈറ്റിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായതായി വാൻഡർബർഗ് കൗണ്ടി കൊറോണർ സ്റ്റീവ് ലോക്ക്‌ഇയർ പറഞ്ഞു. മരണം ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ. അവര്‍ സ്വയം വെടിവച്ചുവെന്ന് വിശ്വസിക്കുന്നു. എന്നാൽ, ഒരു കൊറോണർ നിർണ്ണയം നടത്തുമെന്ന് ഷെരീഫ് ഡേവ് വെഡ്ഡിംഗ് പറഞ്ഞു

Print Friendly, PDF & Email

Leave a Comment

More News