സോളാർ തട്ടിപ്പ്: കെ ബി ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കേസിൽ പ്രതിയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഗണേഷ് കുമാറിന് പരാതിക്കാരിയായ സ്ത്രീയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ചോദ്യങ്ങൾ. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

ഗണേഷ് കുമാറിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് പ്രദീപ് കുമാറിനും ബന്ധുവായ ശരണ്യ മനോജിനും ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കൾക്കെതിരായ ലൈംഗികാരോപണക്കേസിന് പിന്നിൽ ഗണേഷാണെന്ന് ആരോപിച്ച് കേരളാ കോൺഗ്രസ് മുൻ നേതാവ് ശരണ്യ മനോജ് നേരത്തെ രംഗത്തെത്തിയിരുന്നു.

കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാണിച്ച് പരാതിക്കാരി പരസ്യപ്പെടുത്തിയ കത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ ഗണേഷ് കുമാറാണ് ചേര്‍ത്തതെന്ന ആരോപണവുമുണ്ട്.

വെള്ളിയാഴ്ച ഹൈബി ഈഡൻ എംപിയെ കൊച്ചിയിൽ സിബിഐ ചോദ്യം ചെയ്തു. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി ഉൾപ്പെട്ട സോളാർ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന്റെ ഭാഗമായി മെയ് മൂന്നിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സിബിഐ പരിശോധന നടത്തിയിരുന്നു. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിലുള്ള സിബിഐയിലെ രണ്ട് സംഘങ്ങളും പരാതിക്കാരിയായ സ്ത്രീയുമൊത്ത് ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിലെത്തി. ക്ലിഫ് ഹൗസിൽ വച്ച് ചാണ്ടി തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.

കഴിഞ്ഞ മാസം തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലും സമാനമായ രീതിയിൽ സിബിഐ പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് എംപി ഹൈബി ഈഡൻ നിയമസഭാംഗമായിരുന്നപ്പോൾ താമസിച്ചിരുന്ന ഹോസ്റ്റലിലെ നിള ബ്ലോക്കിലെ രണ്ട് മുറികളിലാണ് പരാതിക്കാരിയോടൊപ്പം സിബിഐ സംഘം പരിശോധന നടത്തിയത്.

2012ൽ എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ വച്ച് കോൺഗ്രസ് നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. തെളിവെടുപ്പിന്റെ ഭാഗമായി 33, 34 നമ്പർ മുറികൾ സിബിഐ പരിശോധിച്ചിരുന്നു.

പരാതിക്കാരിയുടെ അഭ്യർത്ഥനപ്രകാരം സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയതിന് പിന്നാലെ കഴിഞ്ഞ വർഷം ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കുപ്രസിദ്ധ സോളാർ അഴിമതിക്കേസിലെ മുഖ്യ പ്രതിയായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതികൾ കേന്ദ്ര ഏജൻസി ഏറ്റെടുത്തു.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എംപി, എംഎൽഎ എപി അനിൽകുമാർ, മുൻ കോൺഗ്രസ് നേതാവും നിലവിലെ ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എപി അബ്ദുള്ളക്കുട്ടി എന്നിവർ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ആദ്യം സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്തു.

മൊഴി രേഖപ്പെടുത്താൻ പരാതിക്കാരി നേരത്തെ സിബിഐ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായിരുന്നു. നേരത്തെ, കോൺഗ്രസ് നേതാക്കൾക്കെതിരെ യുവതി ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷനും ശുപാർശ ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News