റോസിലിയുടേയും പത്മയുടേയും മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു

കോട്ടയം: പത്തനംതിട്ട ഇലന്തൂരിൽ നരബലിയിൽ കൊല്ലപ്പെട്ട റോസിലിയുടെയും പത്മയുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ നാളെയും (ഒക്‌ടോബർ 13) പോസ്റ്റ്മോര്‍ട്ടം തുടരുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.

ഇരുവരുടെയും കുടുംബാംഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ട് നല്‍കും. ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹാവശിഷ്‌ടങ്ങള്‍ ഇന്നലെയാണ് (ഒക്‌ടോബര്‍ 11) വൈദ്യന്‍ ഭഗവല്‍ സിങ്ങിന്‍റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

ആദ്യം പദ്മയുടെയും പിന്നീട് നീണ്ട തിരച്ചിലിനൊടുവിൽ റോസിലിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ആഴത്തിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോ. ദീപു, ഡോ. ജോമോൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

പരിശോധനയ്ക്കുശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്നലെ രാത്രി പൊലീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിലെത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News