സൗത്ത് കാലിഫോര്‍ണിയ ഹോട്ടലില്‍ വെടിവെപ്പ്; രണ്ടു പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

എല്‍മോണ്ട് (കാലിഫോര്‍ണിയ): സൗത്ത് കാലിഫോര്‍ണിയ എല്‍മോണ്ട് സിറ്റിയിലെ ഒരു ഹോട്ടലില്‍ ചൊവ്വാഴ്ച നടന്ന വെടിവെപ്പില്‍ രണ്ടു പോലീസ് ഓഫീസര്‍മാരും അക്രമിയും മരിച്ചതായി ബുധനാഴ്ച വൈകീട്ട് സിറ്റിയുടെ പത്രപ്രസ്താവനയില്‍ പറയുന്നു. തലേദിവസം ഇതേ ഭാഗത്തു മറ്റൊരു പോലീസ് ഓഫീസര്‍ക്ക് വെടിയേറ്റിരുന്നു. കോര്‍പറല്‍ മൈക്കിള്‍ പരേഡിസും(42), ജോസഫ് സന്റാനയുമാണ്(31) ചൊവ്വാഴ്ച വെടിയേറ്റു മരിച്ചത്.

ചൊവ്വാഴ്ച രാവിലെ സംഭവം നടന്ന ഹോട്ടലില്‍ നിന്നും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീക്ക് കുത്തേറ്റിട്ടുണ്ടായിരിക്കാം എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിചേര്‍ന്നത്. ആ മുറിയിലുണ്ടായിരുന്ന സ്ത്രീയും ഇവരുടെ കാമുകനും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പറയുന്നു. എന്നാല്‍ സ്ത്രീക്ക് പരാതിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസും കാമുകനും തമ്മില്‍ വീണ്ടും വാഗ്‌വാദം ഉണ്ടാകുകയും, തുടര്‍ന്ന് തോക്കുപയോഗിച്ചു ഇയാള്‍ പോലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു. തിരിച്ചും പോലീസ് വെടിവെച്ചു. ഇയാള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു ഓഫീസര്‍മാരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

22 വര്‍ഷം സര്‍വ്വീസുള്ള പരേഡിസും, കഴിഞ്ഞവര്‍ഷം സര്‍വ്വീസില്‍ പ്രവേശിച്ച സന്റാനയും എല്‍മോണ്ട് സിറ്റിയിലെ അറിയപ്പെടുന്ന പോലീസുകാരായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സന്റാനക്ക് ഭാര്യയും, ഒരു മകളും, രണ്ടു ഇരട്ട ആണ്‍കുട്ടികളും ഉണ്ട്. പരേഡീസിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്.

Print Friendly, PDF & Email

Leave a Comment

More News