വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്ക് റോസാപ്പൂക്കൾ നല്‍കി ലഖ്‌നൗ പോലീസ്

ലഖ്‌നൗ (ഉത്തർപ്രദേശ്): വെള്ളിയാഴ്ച പ്രാർത്ഥനകൾ സമാധാനപരമായി കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാൻ ലഖ്‌നൗ പോലീസ് ഇന്ന് (വെള്ളിയാഴ്ച) ‘ഗാന്ധി മാര്‍ഗം’ സ്വീകരിച്ചത് വേറിട്ട അനുഭവമായി. അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ചിരഞ്ജീവ് നാഥ് സിൻഹയുടെ നേതൃത്വത്തിൽ, ടൈൽ വാലി മസ്ജിദിൽ പ്രാർത്ഥന നടത്താൻ എത്തിയ ഓരോ നമാസികൾക്കും പോലീസ് റോസാപ്പൂവ് നല്‍കിയാണ് സ്വീകരിച്ചത്.

“മുൻകാല സംഭവങ്ങൾ കാരണം നിലനിന്നിരുന്ന നിഷേധാത്മകത ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു പ്രയത്നമാണിത്. ഞങ്ങള്‍ എപ്പോഴും അവർക്കൊപ്പം ഉണ്ടെന്ന് സമൂഹത്തിന് ഉറപ്പാക്കാനും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” സിൻഹ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന തലസ്ഥാനത്തെ മറ്റ് പ്രമുഖ മസ്ജിദുകളിൽ പ്രാർഥന നടത്താനെത്തിയവർക്ക് പൊലീസ് ഉദ്യോഗസ്ഥർ പൂക്കൾ വിതരണം ചെയ്തു.

“ഞങ്ങൾക്ക് റോസാപ്പൂവ് കൈമാറിയ ഉടൻ, പള്ളിയിലെ പോലീസുകാരുടെ വൻ സാന്നിദ്ധ്യം കണ്ട് ഞങ്ങളിൽ നിറഞ്ഞിരുന്ന അസ്വസ്ഥത അപ്രത്യക്ഷമായി. പോലീസിന്റെ ഇത്തരം സന്ദേശങ്ങള്‍ വിശ്വാസം കെട്ടിപ്പടുക്കുന്നതിൽ ഒരുപാട് ഗുണം ചെയ്യും,” ടൈൽ വാലി മസ്ജിദിൽ പ്രാർത്ഥന നടത്തിയ അസദുള്ള പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും വെള്ളിയാഴ്ച പ്രാർത്ഥനകൾ സമാധാനപരമായി നടന്നു.

Print Friendly, PDF & Email

Leave a Comment

More News