ഭരണഘടനാ വിരുദ്ധ പരാമർശം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരില്‍ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി സജി ചെറിയാന്റെ കസേര തെറിച്ചു. ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജിക്കായി വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയർന്ന സാഹചര്യത്തില്‍ സജി ചെറിയാനെ രാജി വെയ്ക്കേണ്ട അവസ്ഥയിലെത്തിച്ചു.

സിപി‌എം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് പാർട്ടി നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയോട് രാജിവെക്കാൻ നിർദേശിച്ചത്. രാവിലെ എകെജി സെന്ററിൽ ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം രാജിക്ക് കൂടുതൽ സമയം വാങ്ങാൻ തീരുമാനിച്ചെങ്കിലും കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ മന്ത്രിക്ക് സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നു.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവെ, സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും കൊള്ളയടിക്കുന്നതും ഭരണഘടന അംഗീകരിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി വിവാദത്തിന് തുടക്കമിട്ടത്. പരാമർശം വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയതോടെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നടപടിക്കായി കാത്തിരിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

ഇന്ന് (ബുധനാഴ്ച) സജി ചെറിയാൻ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ കണ്ട് അര മണിക്കൂറോളം ചർച്ച നടത്തി. സ്ഥാനമൊഴിയാനുള്ള തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചതായി രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സജി ചെറിയാൻ പറഞ്ഞു. മന്ത്രിയായി തുടരുന്നത് ധാർമ്മികമായി ശരിയാകാത്തതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് ചെറിയാൻ പറഞ്ഞു.

രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, മന്ത്രി സജി ചെറിയാൻ എന്നിവർ പങ്കെടുത്ത പാർട്ടി സെക്രട്ടേറിയറ്റ് യോഗമാണ് കാത്തിരിപ്പ് നയവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇത് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് യോഗത്തിൽ ചെറിയാന്‍ വിശദീകരിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്ത് വരുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഞാൻ എന്തിന് രാജിവെക്കണമെന്ന് ചെറിയാൻ ചോദിച്ചത്.

പോലീസിന് മുമ്പാകെ വന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ കേസെടുക്കാനാകുമോയെന്ന് ബുധനാഴ്ച സർക്കാർ അഡ്വക്കറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയിരുന്നു. അതിനിടെ, പ്രതിപക്ഷ ബഹളത്തെ തുടർന്ന് ബുധനാഴ്ച എട്ട് മിനിറ്റിനുള്ളിൽ സംസ്ഥാന നിയമസഭ പിരിഞ്ഞു.

മന്ത്രിയുടെ പരാമർശം ഇടതുമുന്നണിക്ക് തിരിച്ചടിയായി. ഭരണഘടനയ്‌ക്കെതിരായ മന്ത്രിയുടെ അനാവശ്യ പരാമർശങ്ങളിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. സ്വർണക്കടത്ത് കേസിൽ എൽഡിഎഫിന് തിരിച്ചടിയായ സാഹചര്യത്തിലാണ് മന്ത്രി അനാവശ്യമായി ഇടതുസർക്കാരിനെ പ്രതിരോധത്തിലാക്കിയതെന്നാണ് സിപിഐ നേതൃത്വത്തിന്റെ അഭിപ്രായം.

“ചെറിയാൻ വെറുമൊരു പാർട്ടി നേതാവായിരുന്നെങ്കിൽ സിപിഎമ്മിന് എങ്ങനെയെങ്കിലും ഈ പരാമർശങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയുമായിരുന്നു. എന്നാല്‍, ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് ഇത്തരമൊരു പരാമർശം ന്യായീകരിക്കാൻ പ്രയാസമാണ്,” വൃത്തങ്ങൾ പറഞ്ഞു.

സജി ചെറിയാൻ മന്ത്രിസഭയിൽ തുടർന്നാൽ അത് മന്ത്രിസഭയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന നിയമവിദ​ഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് രാജിപ്രഖ്യാപനം നാളെത്തേക്ക് നീട്ടാതിരുന്നത്. ഒപ്പം കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും കൂടി നിലപാടു കടുപ്പിച്ചതോടെ. തുടക്കത്തിൽ സജി ചെറിയാനെ സംരക്ഷിക്കാൻ ശ്രമിച്ച സംസ്ഥാന നേതൃത്വത്തിന് അദ്ദേഹത്തെ കൈവിടാതിരിക്കാൻ കഴിയില്ലെന്ന അവസ്ഥയായി.

എകെജി സെന്ററില്‍ ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് മന്ത്രിയുടെ രാജി ഉടന്‍ വേണ്ട എന്ന നിലപാടിലായിരുന്നു. പക്ഷേ ഗുരുതരമായ പ്രതിസന്ധിയില്‍ രാജി ഒഴിവാക്കാനാവില്ലെന്ന തരത്തിലായിരുന്നു സിപിഎം നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. കോടതിയിലേക്ക് കാര്യങ്ങളെത്തും വരെ കാത്തിരിക്കാം എന്ന നിലയില്‍ അഭിപ്രായങ്ങള്‍ ആദ്യം ഉയര്‍ന്നു. രാജി പ്രഖ്യാപനം നാളെയെന്ന തരത്തിലാണ് ഒടുവില്‍ വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ രാജി വൈകും തോറും പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ കോട്ടമുണ്ടാവും എന്ന വികാരമുയര്‍ന്നതോടെയാണ് രാജിപ്രഖ്യാപനം ഇന്ന് തന്നെയുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം.

Print Friendly, PDF & Email

Leave a Comment

More News