പിണറായി വിജയന്‍ സര്‍ക്കാരിന് ഉഷാ ജോര്‍ജിന്റെ ശാപമേറ്റതാണോ സജി ചെറിയാന്റെ രാജി?

കോട്ടയം: ഗൂഢാലോചനക്കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി പീഡനക്കേസിൽ പിസി ജോർജ് അറസ്റ്റിലായപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയ അദ്ദേഹത്തിന്റെ ഭാര്യ ഉഷാ ജോർജിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. “എന്റെ ഈ കൊന്തയ്ക്ക് സത്യമുണ്ടെങ്കില്‍, ഭര്‍ത്താവിനെ കുടുക്കിയവരൊക്കെ അനുഭവിക്കും,” എന്നായിരുന്നു ഉഷാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ഹൃദയഭേദകമായ വാക്കുകളായിരുന്നു അവരുടേത്.

സോളാർ കേസിലെ പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പി.സി. ജോർജ് അറസ്റ്റിലായപ്പോൾ ക്യാമറയ്ക്ക് മുന്നിൽ പിണറായി വിജയനെ ഉഷാ ജോർജ് ശപിച്ചു. ആ ശാപവാക്കുകള്‍ കഴിഞ്ഞ് അഞ്ചാം നാളിൽ തന്റെ വിശ്വസ്തനായ മന്ത്രി സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോവുന്നത് പിണറായി വിജയന് കാണേണ്ട അവസ്ഥയിലായി. ഉഷയുടെ ശാപവാക്കുകള്‍ അറം പറ്റിയപോലെയാണ് ചൊവ്വാഴ്ച സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത്.

പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു സജി ചെറിയാന്‍. വിവിധ സഭകളെ സിപിഎമ്മനോടു കൂടെ നിര്‍ത്താന്‍ ഏറ്റവും ശ്രമം നടത്തിയ വ്യക്തിയാണ് അദ്ദേഹം. അതിലുപരി ആലപ്പുഴയിലെ പിണറായി ശത്രുക്കളെ വെട്ടിനിരത്തിയതും സജി ചെറിയാനാണ്. മുന്‍ മന്ത്രി ജി. സുധാകരനെയടക്കം വെട്ടിയൊതുക്കി. അങ്ങനെ പിണറായി വിജയന്റെ വിശ്വസ്ത സേവകനായി തുടരവെയാണ് അനിഷേധ്യ നേതാവിന്റെ പതനം. അതിന് ഉഷാ ജോര്‍ജ്ജിന്റെ ശാപവും ഒരു കാരണമായി.

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ രാജിയില്‍ കുറഞ്ഞ ഒരു ആവശ്യവും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം അതിശക്തമായ നിലപാടെടുത്തിരുന്നു. സഭയില്‍ നിന്ന് പ്രതിഷേധിച്ചിറങ്ങിയ പ്രതിപക്ഷം ഡോ. ബി.ആര്‍ അംബ്ദേക്കറുടെ പ്രതിമയ്ക്കു മുന്നിലേക്ക് പ്രതിഷേധം മാറ്റി. ‘ജയ് ഭീം’ മുദ്രാവാക്യം വിളിയുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ സിപിഎം നേതാവ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദേശം. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഈ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്‍ ഇന്ന് വൈകീട്ട് രാജിവച്ചു.

Print Friendly, PDF & Email

Leave a Comment

More News