സോമർസെറ്റ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ-24 മുതല്‍ ജൂലൈ- 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ജൂലൈ മൂന്നിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക്‌ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

മുൻ നിശ്ചയപ്രകാരം സോമർസെറ്റിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയർപോർട്ടിൽ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തിൽ എത്തിച്ചേർന്ന അഭിവന്ദിയ പിതാവിനെ ഇടവകാംഗങ്ങൾ ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. ചിക്കാഗോ സെൻറ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയ് ആലപ്പാട്ടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ മൂന്നിന് രാവിലെ 7.00-ന് ചിക്കാഗോ സീറോ മലബാർ രൂപതാ ആസ്ഥാനത്ത് നടന്നു. അതിനു ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു സോമർസെറ്റ് ദൈവാലയത്തിലേത്.

തുടർന്ന് നടന്ന ആഘോഷപൂര്‍ണ്ണമായ ദിവ്യബലി അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഇടവക വികാരിയോടൊപ്പം, റോക്‌ലാൻഡ് ഹോളി ഫാമിലി ദേവാലയ വികാരി റവ. ഫാ.റാഫേൽ അമ്പാടൻ, റവ. ഫാ. പോളി തെക്കൻ സി .എം. ഐ, റവ. ഫാ.ഫിലിപ് വടക്കേക്കര എന്നിവർ സഹകാർമ്മികരായി.

ദിവ്യബലിമധ്യേ പിതാവ് വചന ശുസ്രൂഷ നൽകി. ഇടവകയിലെ കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന് നടത്തുന്ന വിശ്വാസ പ്രഘോഷണമാണ് ഓരോ തിരുനാളും എന്നും, എന്നാൽ തിരുനാൾ ആഘോഷങ്ങളിൽ പരമപ്രധാന ഭാഗം വിശുദ്ധ കുർബാനയാണെന്നും എന്നാൽ ആഘോഷങ്ങൾ നടത്തുമ്പോൾ ഇക്കാര്യങ്ങളിൽ പ്രത്യക ശ്രദ്ധ വേണമെന്നും ഓർമിപ്പിച്ചു.

ഈ വർഷത്തെ തിരുനാളിന്റെ പ്രത്യകത മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാര്‍ഷമാണ് നാം ആഘോഷിക്കുന്നത് എന്നും, തോമാശ്ലീഹാ ഇന്ത്യയിൽ എത്തിയതിന്റെ ഏറ്റവും വലിയ തെളിവാണ് നാം ഓരോരുത്തരും എന്ന് തന്റെ തിരുനാൾ സന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു. പാരമ്പര്യമായി കിട്ടിയ വിശ്വാസം കുടുംബങ്ങളിൽ അണയാതെ കാത്തു സൂക്ഷിക്കാൻ സാധിക്കട്ടെ എന്നും തിരുനാൾ സന്ദേശത്തിൽ ആശംസിച്ചു. ദേവാലയത്തിലെ മുഖ്യകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളീയ തനിമയില്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ ജോസഫ് ഫാതേഴ്സ് ടീം അംഗങ്ങളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു.

മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്ടേമേളം (ശിങ്കാരിമേളം), ഫയർ വോർക്സ് എന്നിവ ആഘോഷ ചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി.

പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപനാശീര്‍വാദവും, തുടന്ന് അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി ബാബു ആൻഡ് വത്സമ്മ പെരുംപായിൽ, ജോനാഥൻ, ലീന ആൻഡ് ടോം പെരുംപായിൽ, ജോഷ് ജോസഫ്, ഷീന ആൻഡ്‌ മിനേഷ് ഫാമിലി, അനിയൻ ജോർജ് & സിസി ഫാമിലി എന്നിവരെ വാഴിക്കുകയും ചെയ്തു. തുടർന്ന് സി.സി.ഡി പന്ത്രണ്ടാംക്ലാസ്‌ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം അഭിവന്ദിയ മെത്രാൻ മാര്‍ ജോയി ആലപ്പാട്ട് നിർവഹിച്ചു. തുടര്‍ന്ന്‌ അടിമ സമര്‍പ്പണം, തിരുശേഷിപ്പ്‌ വണക്കം എന്നിവ നടന്നു.

ഇടവകയിലെ ഗായകസംഘം ( കുട്ടികളും, മുതിന്നവരും) ശ്രുതിമധുരമായി ആലപിച്ച ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജിജീഷ് & ഹെൽഗ തോട്ടത്തിൽ, ജോസ് പൗലോസ് & വിൻസി, ബെന്നി ജോസഫ് & അല്ലി, ഏബൽ സ്റ്റീഫൻ എന്നിവരായിരുന്നു. തിരുനാളനോടനുബന്ധിച്ച്‌ ദേവാലയാങ്കണത്തിൽ ഒരുക്കിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളെ ഓര്‍മ്മപ്പെടുത്തി. പ്രമുഖ മലയാള ചലച്ചിത്ര പിന്നണി ഗായകരായ സുധീപ് കുമാർ, വില്യം ഐസക്, ഡെൽസി നൈനാൻ എന്നിവർ അവതരിപ്പിച്ച “മലബാർ മ്യൂസിക്കൽ നൈറ്റ്” ഷോയും, ഫയർ വർക്‌സും ഏറെ പ്രശംസ പിടിച്ചു പറ്റി.

തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയും, തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന സംഘാടകരായ റോണി മാത്യു , ജോർജി ജോസ് എന്നിവര്‍ നേതൃത്വം നല്‍കുകകയും ചെയ്‌തു. ജൂലൈ 4-ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ ഒമ്പതു മണിക്ക് അഭിവന്ദിയ മെത്രാൻ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥകളും തുടർന്ന് കൊടിയിറക്കവും നടന്നത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക്‌ തിരശീല വീണു.

തിരുനാള്‍ ആഘോഷങ്ങളിലും, തിരുകര്‍മ്മാദികളിലും സജീവമായി പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് , ട്രസ്ടിമാർ എന്നിവര്‍ നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News