ലൈഫ് മിഷൻ ക്രമക്കേട്: സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരാകും

എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്വപ്‌നയ്‌ക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു.

സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ കഴിഞ്ഞ മാസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് സ്വപ്നയെയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും സിബിഐ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

ഇതോടെ ഒരിടവേളയ്ക്ക് ശേഷം ലൈഫ് മിഷൻ കേസ് വീണ്ടും സജീവമാകും. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് തുക നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.

ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തെ സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ, സിബിഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകുകയായിരുന്നു. ലൈഫ് മിഷന്റെ ഫ്‌ളാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നും നിർമാണ കരാർ യൂണിറ്റാക്കിന് നൽകിയതിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Print Friendly, PDF & Email

Leave a Comment

More News