ഉദയ്പൂരില്‍ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവം: കൊലയാളികളുമായുള്ള ബന്ധത്തെക്കുറിച്ച് ബിജെപി വ്യക്തമാക്കണമെന്ന് അശോക് ഗെലോട്ട്

ജയ്പൂർ: ഉദയ്പൂരിൽ കനയ്യ ലാൽ തെലിയുടെ ദാരുണമായ കൊലപാതകത്തിൽ ഉൾപ്പെട്ട കൊലയാളികളുമായി ഭാരതീയ ജനതാ പാർട്ടിക്ക് ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

നൂപുർ ശർമ്മയെ പിന്തുണച്ചതിന് ജൂൺ 28 ന് ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ മുഹമ്മദ് റിയാസും ഘൗസ് മുഹമ്മദും ചേർന്നാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

“ഉദയ്പൂർ കേസിലെ കൊലയാളികള്‍ക്ക് ബിജെപിയുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. മറ്റൊരു മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നതെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു,” മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

കൊലയാളികളിലൊരാൾ ബി.ജെ.പി പ്രവർത്തകനായതിനാൽ അയാള്‍ക്കെതിരെയുള്ള പരാതിയിൽ നിന്ന് പിന്മാറാൻ പോലീസിനോട് അഭ്യർഥിച്ച് ബി.ജെ.പി സഹായിച്ചുവെന്ന ആരോപണത്തിൽ പ്രതികരിക്കണമെന്ന് ബി.ജെ.പിയോട് ഗെലോട്ട് ആവശ്യപ്പെട്ടു.

“കനയ്യയെ കഴുത്തറുത്ത് കൊന്ന കൊലയാളികള്‍ വാടക നൽകുന്നില്ലെന്ന് വീട്ടുടമ ആരോപിച്ചിരുന്നു. അതിനായി അദ്ദേഹം പോലീസിനെ സമീപിച്ചു. എന്നാൽ, പോലീസ് വിഷയം അന്വേഷിക്കുന്നതിന് മുമ്പുതന്നെ, ബിജെപി പ്രവർത്തകർ വീട്ടുടമയെ വിളിച്ച് അവര്‍ ബിജെപി പ്രവർത്തകരാണെന്ന് പറഞ്ഞു. പാർട്ടി പ്രവർത്തകരെ ശല്യപ്പെടുത്തരുതെന്ന് ഭൂവുടമയ്ക്ക് മുന്നറിയിപ്പ് നൽകി,” ഗെലോട്ട് കൂട്ടിച്ചേർത്തു.

കൊലയാളികള്‍ക്ക് പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താൻ അദ്ദേഹം ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു.

ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ ഉൾപ്പെടെയുള്ള ചില ബിജെപി നേതാക്കൾക്കൊപ്പമുള്ള മുഖ്യപ്രതി റിയാസ് അക്തരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. അക്തരി ബിജെപി പ്രവർത്തകനാണെന്നാണ് ആരോപണം. എന്നാൽ, ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.

മുൻ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതിന് തയ്യൽക്കാരനായ കനയ്യ ലാൽ തെലി ക്രൂരമായി കൊല്ലപ്പെട്ടത് ജൂൺ 28നാണ്. സംഭവം രാജ്യത്തുടനീളം ജനരോഷത്തിന് ഇടയാക്കിയിരുന്നു.

റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നീ പേരുകളാണ് വീഡിയോയിലുള്ളത്. 47 കാരനായ കനയ്യ ലാലിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് റിയാസ് ആക്രമിക്കുന്നതും മറ്റൊരാൾ (ഘൗസ്) കുറ്റകൃത്യം മൊബൈൽ ഫോണിൽ പകർത്തുന്നതും വീഡിയോയിൽ കാണാം.

രാജ്സമന്ദ് ജില്ലയിലെ ഭീമിൽ നിന്നാണ് റിയാസും ഗൗസും അറസ്റ്റിലായത്. ഏഴാം പ്രതി ഫർഹാദ് മുഹമ്മദ് ഷെയ്ഖ് (31) ആണ്.

പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു, പ്രധാന കൊലയാളികളിലൊരാളായ റിയാസ് അട്ടാരിയുമായി അടുത്ത ക്രിമിനൽ കൂട്ടാളിയായ ഫർഹാദ് മുഹമ്മദ് കനയ്യ ലാലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ സജീവ ഭാഗമായിരുന്നു.

ഈ കേസിൽ യഥാക്രമം ജൂൺ 29, ജൂലൈ 1, 4 തീയതികളിൽ ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News