സംസ്ഥാനത്തെ കുരങ്ങു പനി: രോഗപ്രതിരോധ പ്രവർത്തനം ശക്തമാക്കി; ചിക്കൻ പോക്സിന് സമാനമായ ലക്ഷണങ്ങളും നിരീക്ഷിക്കപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ചിക്കന്‍ പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാനും കുരങ്ങുപനി ഇല്ലെന്ന് ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സമാന ലക്ഷണങ്ങളുള്ള സാമ്പിളുകൾ ക്രമരഹിതമായി പരിശോധിക്കാനും തീരുമാനിച്ചു.

മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതർ വിമാനത്താവള അധികൃതരുമായി ചർച്ച നടത്തും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ വേര്‍തിരിക്കാനുള്ള സംവിധാനം ഒരുക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.

രോഗികളെയും രോഗം സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാക്കും. മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഇതുവരെ 1200-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കി. കൂടാതെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദഗ്‌ധ പരിശീലനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതുകൂടാതെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്‌ടര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്‌ടര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് രോഗിയുടെ അവസ്ഥയും സംഘം വിലയിരുത്തി.

കേന്ദ്ര ആരോഗ്യ വകുപ്പ് ഉപദേഷ്ടാവ് ഡോ. പി. രവീന്ദ്രൻ, എൻ.സി.ഡി.സി ജോയിന്റ് ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ഡോ. രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ (ന്യൂഡല്‍ഹി) പ്രൊഫസർ ഡോ. അനുരാധ, ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ എന്നിവരാണ് കേന്ദ്രത്തില്‍ നിന്ന് വന്നവര്‍.

Print Friendly, PDF & Email

Leave a Comment

More News