വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്തടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു; ഇ പി ജയരാജനെതിരെ എഫ് ഐ ആര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ വിമാനത്തിനകത്തു വെച്ച് ഇ.പി. ജയരാജൻ മർദിച്ചതായി എഫ്‌ഐആർ. ഇപി ജയരാജനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നവീന്റെ മുഖത്ത് ഇ.പി. ജയരാജൻ ഇടിച്ചതായും ഫർസീൻ മജീദിനെ കഴുത്തിനു പിടിച്ച് ഞെരിച്ചതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കു മുന്നില്‍ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ചെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ തിരുവനന്തപുരം ജെഎഫ്എംസി കോടതി (രണ്ട്) ജഡ്ജി ലെനി തോമസ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ജയരാജനെതിരെ തിരുവനന്തപുരം വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗസ്ര് പ്രവര്‍ത്തകരെ പോലീസ് കേസ് അറസ്റ്റ് ചെയ്യുകയും ഇവരെ കോടതി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

എന്നാൽ ജയരാജനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്. ഇപ്പോള്‍ കോടതിയുടെ ഉത്തരവില്‍ ജയരാജനെതിരെ കേസെടുത്തത് സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News