ഈ യുഗത്തിൽ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

മാന്യരായേവരും വാഴ്ത്തുവോർ നാൾക്കുനാൾ
ശൂന്യരായ് മാറുന്നൊരീ യുഗത്തിൽ,
മാനവ സത്യ സനാതന ധർമ്മങ്ങൾ
മാറാല കെട്ടുന്നോരീ യുഗത്തിൽ,

അർത്ഥ ലാഭേച്ഛയിൽ ധാർമ്മിക മൂല്യങ്ങൾ-
ക്കർത്ഥമില്ലാതാകുമീ യുഗത്തിൽ,
പഴുതെഴും തന്മനസ്സാക്ഷിയേ വേരോടെ
പിഴുതെറിഞ്ഞീടുന്നൊരീ യുഗത്തിൽ,

അഴകോലും ശോഭന ഭാവിക്കായന്യരെ
അഴലിൽ കുളിപ്പിക്കുമീ യുഗത്തിൽ,
അഴിമതിക്കൂടുതൽ കൊണ്ടു ഹൃദയത്തിൻ
ആഴമറിയാത്തൊരീ യുഗത്തിൽ,

ഉള്ളതെല്ലാം തൻ്റെ സ്വന്തമെന്നേവരും
ഉച്ചത്തിൽ ഘോഷിക്കുമീ യുഗത്തിൽ,
കഴുതപോലൊരു കൂട്ടരന്യരുരിഞ്ഞിടും
വിഴുപ്പു ചുമക്കുന്നൊരീ യുഗത്തിൽ,

വേലയേ ചെയ്യാതനങ്ങാതൊരു കൂട്ടർ
വേതനം വാങ്ങുന്നൊരീ യുഗത്തിൽ,
സത്വരലാഭപ്രസക്തനാംമാനവൻ
തത്വംപ്രസംഗിക്കുമീയുഗത്തിൽ,

വിശ്വത്തിൽ ഭൗതിക സൗഖ്യത്താലീശ്വര-
വിശ്വാസം തീരുന്നൊരീ യുഗത്തിൽ,
സുഖമോഹം തീരാത്ത മാനവനനുദിനം
ദുഖത്തിലാഴുന്നൊരീ യുഗത്തിൽ,

നന്മനാമെത്രമേൽ ചെയ്കിലും നാൾക്കുനാൾ
തിന്മവളരുന്നൊരീ യുഗത്തിൽ,
ഉള്ളവനൊന്നും കഴിക്കുവാനാകാതെ
ഉള്ളുരുകീടുന്നൊരീ യുഗത്തിൽ,

ഭക്ഷണം കാണാതെയെത്രയോ നിർധനർ
ഭിക്ഷയാചിക്കുന്നൊരീ യുഗത്തിൽ,
സർവ്വജ്ഞപീഠം കയറിയപോൽ ചിലർ,
ഗർവ്വു കാട്ടീടുന്നൊരീ യുഗത്തിൽ,

കണ്ണഞ്ചിപ്പിക്കുമെന്തുണ്ടേലും പിന്നെയും
കാഞ്ചന മോഹിതമീ യുഗത്തിൽ,
ആത്മാർത്ഥതയ്ക്കും തന്നർപ്പണ ചിന്തക്കും
അർത്ഥം കുറയുന്നൊരീ യുഗത്തിൽ,

വ്യാകുല ചിത്തനായ്മാറുന്നു ഞാൻ, മനോ-
വ്യാധിയുളവാക്കുന്നീ വ്യഥകൾ!
പ്രാർത്ഥിക്കനാമെന്നുമീശ്വരനോടൊരേ
ശബ്ദത്തിൽ സദ്ബുദ്ധി നമ്മൾക്കേകാൻ!

Print Friendly, PDF & Email

3 Thoughts to “ഈ യുഗത്തിൽ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ”

 1. Rudran variyath

  സോഷ്യലിസം പറയുമ്പോൾ മാത്രം
  സ്വാർത്ഥരാണ് മനുഷ്യർ
  നന്നായിട്ടുണ്ട്‌ വരികൾ
  ഹൃദയ വേദനയിൽ പങ്ക് ചേരുന്നു.

 2. Lakshmy.N

  Good poem depicting the truth and the current status with a note of mental agony

 3. R Chellan

  The truth about the present prevailing conditions of human life, is typical to KALI YUGA as presented in our SCRIPTURES. Since we are into KAlLI YUGA only five thousand & odd years , & have to pass through tens & thousands of years to see the end of this YUGA, situation will improve to some extent. Deterioration @ improvement will repeat alternatively,& faster deteriorstion will occur when end nears.

Leave a Comment

More News