കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 6): ജോണ്‍ ഇളമത

ഫ്ളോറന്‍സിലെ ഭരണാധികാരിയായ മെഡിസി പ്രഭു ലോറന്‍സോ ഡി പിയറോയുടെ കൊട്ടാരത്തിലേക്ക്‌ അതിഥിയായി മൈക്കെലാഞ്ജലോ ക്ഷണിക്കപ്പെട്ടു. അവന്‍ അവിടെ മഹാശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. താമസം വിന മൈക്കിള്‍ മെഡിസി പ്രഭുവിന്റെ ആരാധാനപാത്രമായി. അവന്‍ ശില്പരചന അതിവേഗം പഠിച്ചു. ഉള്ളിലുറങ്ങിയ ശില്പങ്ങളുടെ മുഖാവരണം അഴിഞ്ഞ്‌ ശില്പങ്ങള്‍ അവന്റെയുള്ളില്‍ ഉരുത്തിരിഞ്ഞു. ജിയോവാനിയുടെ ശില്പങ്ങളെ അതിശയിപ്പിക്കുന്ന ഭാവനയുടെ നിലയ്ക്കാത്ത പ്രവാഹം പോലെ അവന്‍ കൊത്താനാരംഭിച്ചു.

പതിനാറാം വയസ്സില്‍ മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പ്‌, ബാറ്റില്‍ ഓഫ്‌ ദ സെന്‍റാഷസ്‌ എന്നീ ശില്പങ്ങള്‍ മൈക്കെലാഞ്ജലോ ആദ്യമായി കൊത്തി. അവ മെഡിസീകോര്‍ട്ടിലെ ശില്പികള്‍ അത്യദ്ഭുതത്തോടെ നോക്കി കണ്ടു. ശില്പകലയില്‍ രുപഭേദഭാവങ്ങളുടെ വ്യത്യസ്തത. പുതിയ ഭാവങ്ങളില്‍ ജീവന്‍ തുടിച്ചു നില്‍ക്കുന്ന രൂപങ്ങള്‍. മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പില്‍ ഒരു കോണിപ്പടിക്കു താഴെ പിഞ്ചുകുഞ്ഞിനെ കൈയ്യിലേന്തിയ മാതാവ്‌, കോണിപ്പടികളിലേക്കു കയറിപ്പോകുന്ന മുതിര്‍ന്ന കുട്ടി. ഒരു ഒരു മാര്‍ബിള്‍ ശിലയില്‍ കൊത്തിയ ഈ ശില്പം ഗുരുവായ ജിയോവാനിയെ വിസ്മയിപ്പിച്ചു. മാതാവിന്റെ കണ്ണുകളിലെ വാത്സല്യവും പിഞ്ചുകുഞ്ഞിന്റെ അമ്മയോടുള്ള സ്നേഹവും പ്രതിഫലിക്കുന്ന ശില്പം!

ജിയോവാനി അത്ഭുതംപുണ്ടു പറഞ്ഞു;

ഇത്ര ഭാവഭേദങ്ങളില്‍ ഇത്തരമൊരു ശില്പം ഞാന്‍ ആദ്യം കാണുകയാണ്‌. എങ്ങനെ നിനക്കിതു കഴിയുന്നു? ങാ, എല്ലാം ഈശ്വരാനുഗ്രഹം! നീ ഒരു പ്രതിഭയാകും. പ്രതിഭകള്‍ ജനിക്കേണ്ടത്‌ ഏതൊരു കാലഘട്ടത്തിനും അനിവാര്യമാണ്‌. പ്രത്യേകിച്ചു ഈ നവോത്ഥാനഘട്ടത്തില്‍.

എന്നാല്‍ ബാറ്റില്‍ ഓഫ്‌ ദ സെന്‍റാഷസ്‌, മെഡിസിപ്രഭു ലോറന്‍സോ യുടെ ബഹുമാനാര്‍ത്ഥം കൊത്തിയ ശില്പമാണ്‌. പ്രശസ്തകവി പോളിസി യാനോ ആണ മൈക്കിളിനെ അതിന്‌ പ്രേരിപ്പിച്ചത്‌. ഗ്രീക്കുകാരും ബാര്‍ബേ റിയന്‍സും തമ്മിലുള്ള ഘോരയുദ്ധം. നഗ്നരായ പടയാളികളുടെ മേനിയുടെ തിളക്കങ്ങളും ഇളക്കങ്ങളും പ്രതിഫലിക്കുന്ന അപുര്‍വൃശില്പം! മാര്‍ബിളില്‍ കൊത്തിയ ആ ത്രിമാനചിത്രം മൈക്കിള്‍ആന്‍ജലോയെ മഹാശിലപികളുടെ നിരയിലെത്തിച്ചു. എങ്കിലും മൈക്കിള്‍ തൃപ്തനായില്ല. പൂര്‍ണ്ണത. അത്‌ എങ്ങനെ സ്വായത്തമാക്കാമെന്ന ആലോചനയില്‍ അവനൊരു ക്രുശിതരുപം മാര്‍ബിളില്‍ കൊത്തി സിലോര്‍കൊണ്ട്‌ രൂപപ്പെടുത്തിയ മരക്കുരിശില്‍ പതിച്ച്‌ സാന്താമറിയാ ക്രത്തീഡലിലേക്ക്‌ നല്‍കി. ഫ്ളോറന്‍സിലെ ആര്‍ച്ചുബിഷപ്പ്‌ റിനാള്‍ഡോ റിയറോയില്‍നിന്ന്‌ അതിനുപഹാരമായി അവന്‍ ഒരു അനുവാദം വാങ്ങി. സെമിത്തേരിയിലെ പുതിയ ശവങ്ങള്‍ പുറത്തെടുത്ത്‌ കീറിപ്പഠിക്കാന്‍.

എന്നാല്‍ ഒരു ഭിഷഗ്വരനോടുകൂടിയല്ലാത്ത പഠനത്തില്‍ മൈക്കിള്‍ പൂര്‍ണ്ണത കണ്ടെത്തിയില്ല, ആന്തരാവയവങ്ങളുടെയും പേശീഘടനകളുടെയും രക്തധമനികളുടെയും പഠനം, അത്‌ പഠിക്കണമെങ്കില്‍ ഒരു ഭിഷഗ്വരന്റെ അടുത്തുനിന്നുതന്നെ പഠിക്കണം. അത്തരമൊരു പഠനത്തിനേ ശില്പകല യില്‍ പരിപൂര്‍ണ്ണത നേടിത്തരാന്‍ കഴിയുവെന്ന്‌ വിശ്വസിച്ചു നടക്കവേയാണ്‌ അവന്‍ മെഡിസി കൊട്ടാരത്തില്‍വെച്ച്‌ ആകസ്മികമായി പ്രശസ്ത ശസ്ത്ര ക്രിയാവിദഗ്ദ്ധന്‍ മെസ്സോര്‍ റിയാര്‍ഡോ കൊളംബോയെ കണ്ടുമുട്ടിയത്‌. ആ ചെങ്ങാത്തം ശില്പകലയുടെ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണമായിരുന്നു.

മൈക്കിള്‍ ശില്പകലയില്‍ പൂര്‍ണ്ണത കൈവരിച്ചുകൊണ്ടിരുന്നു. ബക്കൂസ്‌, സെന്റ്‌ പിട്രോണിയാസ്‌ എന്നീ ശില്പങ്ങള്‍ പൂര്‍ണ്ണതയിലേക്കുള്ള വഴി തുറന്നു. അത്‌ മറ്റ്‌ അതിപ്രശസ്തരായ സമകാലികശില്‍പികളെ അമ്പരപ്പിച്ചു. അവര്‍ അസുയാലുക്കളായി. ഉള്ളില്‍ ശ്രതുത വെച്ചു പുലര്‍ത്തി. അവരിലേറെ ശക്തന്‍, അവനേക്കാള്‍ പത്തു വയസ്സു മൂപ്പെത്തിയ ലിയനാര്‍ഡോ ഡാവിന്‍ചിയായിരുന്നു. ശില്പികളുടെ പെരുന്തച്ചനായ ഡാവിന്‍ചിയെ മൈക്കിള്‍ അന്ന്‌ ആദ്യമായി കണ്ടുമുട്ടി.

റോമില്‍ മെത്രാന്മാരുടെ സിനഡു കൂടി നവോത്ഥാന ശില്‍പികളെ ഏകോപിപ്പിച്ച്‌ റോമിനെ വീണ്ടും ശക്തിപ്പെടുത്താന്‍. കുരിശുയുദ്ധങ്ങളില്‍ തകര്‍ന്നടിഞ്ഞ പഴയ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ പ്രസരിപ്പു വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. വലിയ കത്തീഡ്രലുകള്‍, പുതിയ വാസ്തുശില്‍പത്തില്‍ പണിയണം. അവിടെ മനോഹരമായ അള്‍ത്താര. അവയില്‍ ചിറകു വിരിച്ചു നില്‍ക്കുന്ന മാലാഖമാരുടെയും പുണ്യവാന്മാരുടെയും പുണ്യവതികളുടെയും ശില്പങ്ങള്‍ സ്ഥാപിക്കണം. കൂടാതെ വിശുദ്ധ ലിഖിതങ്ങളിലെ സംഭവങ്ങള്‍ ചിത്രങ്ങളായി കോറിയിടണം. ഇവയിലൊക്കെ ഏറെ പ്രാധാന്യം മാര്‍ബിള്‍ ശില്പങ്ങള്‍തന്നെയായിരുന്നു. പഴയ ചെമ്പ്‌ ഓട്ടു പ്രതിമകള്‍ തുരുമ്പുപിടിച്ച്‌ വികൃതമാകുന്നതിനെപ്പറ്റിയും അവകള്‍ പുനഃരുദ്ധരിച്ച്‌ മാര്‍ബിള്‍ക്കല്ലുകളിലേക്ക്‌ പ്രതിമകള്‍ മാറ്റപ്പെടുകയും ചെയ്യുന്നതിനെപ്പറ്റിയുമായിരുന്നു സിനഡിലെ സുപ്രധാന തീരുമാനങ്ങള്‍. അത്തരമൊരു ശില്പശാലയ്ക്കു നേതൃത്വം കൊടുത്തതും കര്‍ദിനാള്‍ റെയാറിയോയാണ്‌. റോമിലേക്ക്‌ ക്ഷണിക്കപ്പെട്ട മഹാശില്പികളെ തിരുമനസ്സുകൊണ്ട്‌ അഭിസംബോധന ചെയ്തു:

മഹാശില്പികളെ, പ്രതിഭകളെ!

നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും നിങ്ങളെ പ്രകീര്‍ത്തിക്കുവാനും സഭ നിങ്ങള്‍ക്ക്‌ അവസരമൊരുക്കുന്നു. പോപ്പിന്റെ പ്രനിനിധിയെന്ന നിലയില്‍ ഞാന്‍ നിങ്ങളെ ഉല്‍ബോധിപ്പിക്കട്ടെ. തക്ക പ്രതിഫലങ്ങളും സമ്പത്തും പ്രശസ്തിയും ഞാന്‍ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ക്കറിയുമല്ലോ, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അല്ലെങ്കില്‍ ബൈസന്റയിന്‍ സാമ്രാജ്യത്തിന്‍റെ പതനങ്ങള്‍! പോപ്പ്‌ അര്‍ബന്‍ രണ്ടാമന്‍ തുടങ്ങിവെച്ച കുരിശുയുദ്ധം നാലാമത്തെ കുരിശു യുദ്ധത്തോടെ അവസാനിച്ചിരിക്കുന്നു. നമുക്കെല്ലാം നഷ്ടമായിരിക്കുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍, വിശുദ്ധനഗരം, യരു ശേലം! ഇതുകൊണ്ടുതന്നെയാണ്‌ നാമൊരു നവോത്ഥാനത്തിലൂടെ ഉണരേണ്ടത്‌. മഹാശില്‍പികളുടെ ഒരു നിര ഇവിടെ ഇരിക്കുന്നു. ഇറ്റലിയുടെ നാനാഭാഗത്തുനിന്നുമെത്തിയവര്‍ നിങ്ങള്‍ക്കേവര്‍ക്കും സുപരിചിതര്‍, സുപ്രസിദ്ധര്‍, പ്രായത്തില്‍ മുതിര്‍ന്ന ശില്പികള്‍, ശില്പകലയിലെ അഗ്രേസരര്‍! ഞാന്‍ അവരില്‍ പ്രമുഖരുടെ പേരുകള്‍ പറയട്ടെ, മസാക്കിയോ, ഫിലിപ്പോനോ ലിപ്പി, ബോട്ടോസിലി, ബെര്‍റ്റോള്‍ഡോ ഡി ജിയോവാനി. പിന്നെ ഇപ്പോള്‍ മുന്‍നിരയിലെത്തിയിരിക്കുന്ന ലിയനാര്‍ഡോ ഡാവിന്‍ചി! ഇനിയും ഒരു കാര്യം ഇവിടെ പ്രത്യേകം സൂചിപ്പിക്കട്ടെ. യുവാവെങ്കിലും മഹാശില്പികളുടെ നിരയിലേക്ക്‌ കയറിവന്നിട്ടുള്ള ഫ്ലോറന്‍സിലെ മൈക്കെലാഞ്ജലോ! പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കിയ യുവശില്പി എന്നുതന്നെ പറയുന്നതിലപ്പുറം മഹാശില്പികളുടെ നിരയിലേക്ക്‌ അനായാസം നടന്നെത്തിയ യുവാവായ മൈക്കെലാഞ്ജലോ എന്നുതന്നെ പറയുന്നത്‌ ഉത്തമം! ആ യുവമഹാശില്പി ഒന്നെഴുന്നേറ്റു നില്‍ക്കട്ടെ!

മൈക്കെലാഞ്ജലോ സാകൂതം ഏണീറ്റുനിന്നു. കരഘോഷങ്ങളുടെ ഒരു നീണ്ട ആരവം ആ യുവശില്‍പിയെ എതിരേറ്റു. കണ്ണുകള്‍ ചുവന്നു തുടുത്തു. വിറയാര്‍ന്ന ശബ്ദത്തില്‍ ലിയനാര്‍ഡോ ഡാവിന്‍ചി അടക്കിയ ശബ്ദത്തില്‍ മുറുമുറുത്തു:

ഈ ചാവാലിചെക്കനോ മഹാശില്‍പികളോട്‌ മത്സരിക്കാന്‍ എളഴുന്നള്ളിയിരിക്കുന്നത്‌! വിവരദോഷിയായ കര്‍ദിനാള്‍ റെയോറി?

അല്ലെങ്കിലും ഈ കര്‍ദ്ദീനാളന്മാര്‍ക്ക്‌ എന്തറിയാം? പോപ്പിന്റെ പാദസേവ നടത്തുന്ന കുറേ കര്‍ദിനാളന്മാര്‍! വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ലാത്ത കൂട്ടര്‍!

പെട്ടെന്ന്‌ ബോട്ടോസിലി എണീറ്റു നിന്നു പറഞ്ഞു:

എങ്കിലും മോണ്‍സിഞ്ഞോര്‍ റയോറി തിരുമനസ്സേ! അവിടന്ന്‌ വിശ്വവിഖ്യാതശില്പി ലിയനാര്‍ഡോ ഡാവിന്‍ചിയെ അല്പം ചെറുതാക്കിയില്ലേ എന്നൊരു തോന്നല്‍!

അതെന്താ? കര്‍ദിനാളിന്റെ തീക്ഷ്ണമായ കണ്ണുകള്‍ വിടര്‍ന്നു.

അല്ല, ഈ ഒരവസരത്തില്‍ ഡാവിന്‍ചിയെ ക്ഷണിച്ച സദസ്സില്‍ ഈ ചെറുപ്പക്കാരന്‍ ശില്പിയെ ക്ഷണിക്കേണ്ടതില്ലായിരുന്നു. ഒരുപക്ഷേ, ഈ ചെക്കന്‍ മിടുക്കനായിരിക്കാം. എങ്കിലും ശില്പികളുടെ ശില്‍പിയായ ലിയണാഡോ ഡാവിന്‍ചി ആഗതനായിരിക്കുന്ന സദസ്സിലേക്ക്‌ ഈ വിധമൊരു പുതിയ ചെക്കനെ ക്ഷണിച്ചത്‌ അവസരോചിതമായില്ലേ എന്നുതന്നെയാ ണെന്റെ തോന്നല്‍. ഒടുവിലത്തെ അത്താഴവും (ലാസ്റ്റ്‌ സപ്പര്‍) യേശു ക്രിസ്തുവിന്റെ മാമോദീസായും മറ്റനേകം ശില്പങ്ങളും നിര്‍മ്മിച്ച്‌ ഈ കാലഘട്ടത്തെ അത്ഭുതപ്പെടുത്തിയ പ്രതിഭയല്ലേ ഡാവിന്‍ചി. കുഞ്ചിരോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന കുതിരകള്‍, അവയുടെ തെറിച്ചു നില്‍ക്കുന്ന മാംസപേശികള്‍ ഇതൊക്കെ ലിയനാര്‍ഡോ ഡാവിന്‍ചിക്കല്ലാതെ ആര്‍ക്കു വരയ്ക്കാനും ചെമ്പിലും മാര്‍ബിളിലുമൊക്കെ കൊത്താനും കഴിയുമെന്ന്‌ തിരുമനസ്സ്‌ ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നുവെങ്കില്‍ ഈ മഹാരഥന്മാരായ ശില്പികളുടെ, ചിത്രകാരന്മാരുടെ സദസ്സിലേക്ക്‌ ശില്പം കൊത്തി പഠിക്കുന്ന ഒരു യുവാവിനെ ക്ഷണിച്ച്‌ സദസ്സില്‍ പരിചയപ്പെടുത്തുകയില്ലായിരുന്നു.

ബോട്ടോസിലിയുടെ ഈ പ്രസ്താവന യുവാവും ശുണ്ഠിക്കാരനുമായ മൈക്കെലാഞ്ജലോയെ പ്രകോപിപ്പിച്ചു. എങ്കിലും സദസ്സ്‌ മഹാരഥന്മാരായ ശില്പികളുടേതാണ്‌. ഇവിടെ പൊട്ടിത്തെറിച്ചാല്‍ സമൂഹം തന്റെ നേരെ വിരല്‍ചുണ്ടും. അങ്ങനെയല്ലേ, മനുഷ്യസ്വഭാവം. എവിടെ ശക്തിയും സ്വാധീനവും എന്നു നോക്കി അങ്ങോട്ടേക്ക്‌ തിരിഞ്ഞു ചേരുന്ന മരത്തലയന്മാരാണ്‌ സമുഹത്തിലെന്നും. ഏറിയ കുറും മൌനം വിദ്വാനു ഭൂഷണം എന്ന തത്ത്വജ്ഞാനം തന്നെ ഇവിടെ ഭൂഷണം എങ്കിലും ഇത്‌ സഹിക്കാനാകുന്നില്ല. മൈക്കിള്‍ മനസ്സില്‍ നീട്ടിമുളി ങാ, കാണിച്ചുതരാം. ഡാവിന്‍ചിക്ക്‌ കുതിരകളുടെ മസ്സിലും രക്തധമനികളും കൊത്തി പ്രതിഫലിപ്പിക്കാനാകും. മൃഗങ്ങളെ കീറി പഠിച്ചതുകൊണ്ടൊക്കെത്തന്നെ. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യനെ കീറി പഠിച്ച എന്നെ അധിക്ഷേപിച്ച്‌ തരം താഴ്ത്താനുള്ള ഈ പുറപ്പാട്‌ അത്ര നന്നല്ല. ഒരു കാര്യമുറപ്പുണ്ട്‌, ഈ ബോട്ടേസിലി എന്ന ചിത്രകാരന്‍ ഡാവിന്‍ചിയുടെ പാദസേവകന്‍ തന്നെ. അല്ലെങ്കില്‍ ഇയ്യാളെന്തിനാ മറ്റുള്ളവര്‍ക്കുവേണ്ടി നാക്കടിക്കുന്നത്‌?

അപ്പോള്‍ പ്രായം കൂടിയ ഫിലിപ്പീനോ ലിപ്പി എന്ന ചിത്രകാരന്‍ സഗൗരവം പറഞ്ഞു:

സാന്‍ഡ്രോ ബോട്ടോസിലിയെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ ബോട്ടോസിലി ആധുനിക ചിത്രകലയുടെ ഉപജ്ഞാതാവ്‌ തന്നെയാണ്‌. കാന്‍വാസില്‍ അല്ലെങ്കില്‍ ചുവരുകളില്‍ വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അക്കാലങ്ങളില്‍ ചിത്രകാരന്മാര്‍ അത്ഭുതം കൂറി നോക്കിക്കണ്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ “ബര്‍ത്ത്‌ ഓഫ്‌ വീനസ്‌” എത്ര മനോഹരമായിരുന്നു. അതൊക്കെ പോകട്ടെ, അദ്ദേഹത്തിന്റെ ‘പ്രിംവേറ’ ചിത്രരചനയിലെ ഒരു അത്ഭുതമായിരുന്നില്ലേ? അക്കാലത്തെ ചിത്രകാരന്മാര്‍ ആരും വരച്ചിട്ടില്ലാത്ത സ്ത്രീ സൗന്ദര്യത്തിന്റെ മാദകമായ അഴകിനെ വളരെ നേര്‍ത്ത പട്ടുവസ്ത്രത്തിന്റെ ഉള്ളിലൂടെ ഗോചരമാക്കുന്ന അത്ഭുതദൃശ്യം! ആദ്യമതൊക്കെ നഗ്നതാ പ്രദര്‍ശനമെന്ന പേരില്‍ സമുഹം കണക്കാക്കിയെങ്കിലും അത്‌ അംഗീകരിക്കപ്പെട്ടില്ലേ? അല്ലെങ്കില്‍ത്തന്നെ മനുഷ്യ ശരീരത്തിന്റെ പൂര്‍ണ്ണത ഇതൊക്കെ തന്നെയല്ലേ! ഞാനും ഇവിടെ ആഗതനായിട്ടുള്ള എന്നെക്കാള്‍ പ്രായാധിക്യമുള്ള മസാക്കിയോ എന്ന മഹാചിത്രകാരന്റെയും ഒക്കെ യുഗം അവസാനിച്ചിരിക്കുന്നു എന്നൊക്കെയാണ്‌ ഞങ്ങള്‍ ചിന്തിക്കുന്നത്‌. മസാക്കിയോയുടെ ഹോളി ട്രിനിറ്റിയും ആദത്തെ ദൈവം ഏതനില്‍ നിന്ന്‌ പുറത്താക്കുന്ന ചിത്രവുമൊക്കെ അക്കാലത്തെ ഹരമായിരുന്നില്ലേ, അതിനുശേഷം ഞാന്‍ വരച്ച കുറേ ചിത്രങ്ങളും!

അക്കാലമൊക്കെ പോയി എന്നതാണ്‌ ഞാന്‍ പറഞ്ഞു വരുന്നത്‌. ബോദ്ടദോ സിലിയേയോ അതല്ലെങ്കില്‍ ഇപ്പോള്‍ ഉന്നതശ്രേണിയില്‍ വിരാചിക്കുന്ന ലിയനാര്‍ഡോ ഡാവിന്‍ചിയേയോ താഴ്ത്തിക്കെട്ടാനല്ല ഞാന്‍ ശ്രമിക്കുന്നത്‌. മറിച്ച്‌ കാലം മാറുമ്പോള്‍ നമ്മള്‍ പഴയ തലമുറയിലെ ചിത്രകാരന്മാരും ശില്പികളും പുതിയ തലമുറയില്‍ ഉദിച്ചുവരുന്ന പ്രതിഭാശാലികള്‍ക്ക്‌ വഴിമാറിക്കൊടുക്കുന്നതുതന്നെ ഉചിതം! ഞാന്‍ മൈക്കെലാഞ്ജലോ എന്ന ഈ യുവാവിനെ കേട്ടിടത്തോളം, അറിഞ്ഞിടത്തോളം വലിയ സാദ്ധ്യതകളുള്ള ഒരു മഹാശി ല്പിയായി ഉയരാന്‍ കെല്‍പുള്ള ചെറുപ്പക്കാരന്‍ തന്നെ ഈ ചെക്കന്‍!

കിട്ടിയ അവസരം പാഴാക്കാതെ ജിയോവാനി ഫിലിപ്പീനോ ലിപ്പിയെ പിന്താങ്ങി:

അതുതന്നെയാണ്‌ എന്റെ അഭിപ്രായവും! എന്റെ ശിഷ്യന്‍ ആയിരുന്നതുകൊണ്ട്‌ പറയുന്നതാണെന്നു കരുതേണ്ട. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഞാന്‍ മൈക്കെലാഞ്ജലോയെ തിരിച്ചറിഞ്ഞിരുന്നു. ഈ യുവാവ്‌ ഒരു പ്രതിഭയാകുമെന്നു തന്നെ!

കര്‍ദിനാള്‍ റിയോറി തിരുമനസ്സിനെ ഫിലിപ്പീനോ ലിപ്പിയുടെ പ്രസ്താവന ഉത്സാഹഭരിതനാക്കി. അദ്ദേഹം പറഞ്ഞു:

അതേ, അതേ, അതുതന്നെയാണ്‌ എന്റെ അഭിപ്രായവും. പുതിയ തലമുറയിലെ ചിത്രകാരന്മാരും ശില്പികളും സൂക്ഷ്മ ദൃക്കുകള്‍ തന്നെ ആകാനാണ്‌ വഴി. അവരുടെ വീക്ഷണങ്ങളും ദര്‍ശനങ്ങളും പുതിയ തലമുറയുടേതു തന്നെ. അവ കാലാനുസൃതമാറ്റങ്ങള്‍ സൃഷ്ടിക്കുകതന്നെ ചെയ്യും. ഞാന്‍ കണ്ടിടത്തോളം അറിഞ്ഞിടത്തോളം മൈക്കെലാഞ്ജലോ എന്ന യുവശിലപി പൂര്‍ണ്ണതയിലേക്കു തന്നെയാണ്‌ സഞ്ചരിക്കുന്നത്‌. ശില്പകലയെ മാറ്റിമറിക്കുന്ന ആ പൂര്‍ണ്ണത മറ്റൊരു ശില്പിക്കും കരഗതമായിട്ടുണ്ടോ എന്നെനിക്ക്‌ ശങ്കയുണ്ട്‌. എനിക്കു തോന്നുന്നത്‌ മനുഷ്യ ശരീരത്തിന്റെ സങ്കീര്‍ണ്ണമായ പഠനം നടത്തിയിട്ടുള്ള ഈ യുവാവായ ശില്പി നമ്മുടെ ഭാവിയിലെ ശില്പചാതുര്യത്തിന്റെ തികഞ്ഞ വാഗ്ദാനം ആയിരിക്കുകയില്ലെന്ന്‌ ആര്‍ക്കു പറയാനാകും!

ചിത്രകാരന്മാരുടെയും ശില്പികളുടെയും ആ മഹാസദസ്സ്‌ ആകെ ഇളകി. അവിടെ എങ്ങും നീണ്ട കരഘോഷം മുഴങ്ങി.

(തുടരും….)

Print Friendly, PDF & Email

Leave a Comment

More News