പിണറായി വിജയനെ രക്ഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഏറ്റുമുട്ടാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ഏറ്റുമുട്ടാനൊരുങ്ങി സിപിഎം. കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ നോട്ടീസ് അവഗണിച്ചത് പിണറായിയെ രക്ഷിക്കാനാണെന്ന് രാഷ്ട്രീയ വിദഗ്ധർ കരുതുന്നു.

സ്വർണക്കടത്ത് കേസ്, ഡോളർ കടത്ത് കേസ്, ലൈഫ് മിഷൻ കൈക്കൂലി കേസ് എന്നിവയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് ഇഡി അന്വേഷണം ആരംഭിക്കുകയും ഇത് മുഖ്യമന്ത്രിയിൽ എത്തുമെന്ന് ഉറപ്പായതോടെയാണ് പ്രതിരോധവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ഇതിന് എത്രത്തോളം നിയമസാധുതയുണ്ടാകുമെന്ന് ആർക്കും ഉറപ്പില്ല. കാരണം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഇഡിയുടെ അധികാരങ്ങള്‍ എല്ലാം അംഗീകരിച്ച് ഉത്തരവിറക്കിയത്.

കേരളത്തില്‍ മാത്രം വേരുകളുള്ള സിപിഎമ്മിന് അവരുടെ സമുന്നതനായി നേതാവ് ഇഡിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കാര്യം ആലോചിക്കാനാവില്ലെന്ന് വേണം കരുതാന്‍. കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്ന് സിഎജി അടക്കം ശരിവച്ചതാണ്. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മാത്രം അതിനെ നിയമലംഘനമായി കാണുന്നില്ല.

അതിനാല്‍ തന്നെ സിപിഎം തോമസ് ഐസക്കിനോട് ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്നും മറുപടി എഴുതി നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിക്കുകയാണുണ്ടായത്. മാത്രമല്ല കിഫ്ബിക്കെതിരായ കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനും സിപിഎം അനുമതി നല്‍കിയിട്ടുണ്ട്. എന്തായാലും രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ തങ്ങള്‍ തയാറല്ലെന്ന വ്യക്തമായ സന്ദേശമാണ് സിപിഎം ഇതിലൂടെ നല്‍കുന്നത്.

കേന്ദ്രം പുറപ്പെടുവിച്ച ചട്ടങ്ങൾ കേരളത്തിന് ബാധകമല്ലെന്ന മട്ടിലാണ് കേരള സർക്കാർ പലപ്പോഴും സംസാരിക്കുന്നത്. തോമസ് ഐസക് മറുപടി എഴുതിയാലും ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടി വരുമെന്ന് ഉറപ്പാണ്. കാരണം, കിഫ്ബി ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ്. നിയമം ലംഘിച്ചാൽ, അതിന്റെ ഉത്തരവാദത്വപ്പെട്ടവര്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും.

Print Friendly, PDF & Email

Leave a Comment

More News