ഷിൻഡെ മന്ത്രിസഭയിൽ 18 മന്ത്രിമാരെ ഉൾപ്പെടുത്തി മഹാരഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 41 ദിവസത്തിന് ശേഷം ഏകനാഥ് ഷിൻഡെ മന്ത്രിസഭ വിപുലീകരിച്ചു. ബിജെപി സംസ്ഥാന ഘടകം അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉൾപ്പെടെ 18 എംഎൽഎമാർ ദക്ഷിണ മുംബൈയിലെ രാജ്ഭവനിൽ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 18 മന്ത്രിമാരിൽ ഒമ്പത് വീതം ബി.ജെ.പി, ഷിൻഡെ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടില്ല. മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം ഇപ്പോൾ 20 ആണ്, ഇത് പരമാവധി 43 അംഗങ്ങളുടെ പകുതി പോലും ഇല്ല. ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും ജൂൺ 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗവർണർ ബി എസ് കോശ്യാരി മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 15 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. രാധാകൃഷ്ണ വിഖെ പാട്ടീൽ, സുധീർ മുൻഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, വിജയകുമാർ ഗാവിത്, ഗിരീഷ് മഹാജൻ, സുരേഷ് ഖാഡെ, രവീന്ദ്ര ചവാൻ, അതുൽ സേവ്, മംഗൾപ്രഭാത് ലോധ എന്നിവരാണ് ബിജെപി മന്ത്രിസഭയിലെ അംഗങ്ങൾ. ഗുലാബ്റാവു പാട്ടീൽ, ദാദാ ഭൂസെ, സഞ്ജയ് റാത്തോഡ്, സന്ദീപ് ഭുമ്രെ, ഉദയ് സാമന്ത്, താനാജി സാവന്ത്, അബ്ദുൾ സത്താർ, ദീപക് കേസാർകർ, ശംഭുരാജ് ദേശായി എന്നിവരും ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഒരു സഹമന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് ഷിൻഡെയുടെ സഹായി പറഞ്ഞു. പിന്നീട് വീണ്ടും മന്ത്രിസഭാ വികസനം ഉണ്ടാകും. മുംബൈയിൽ നിന്ന് ലോധയെ ബി.ജെ.പി ഉൾപ്പെടുത്തി, ഷിൻഡെ വിഭാഗം അവിടെ നിന്ന് ഒരു എം.എൽ.എ.യെയും ഉൾപ്പെടുത്തിയിട്ടില്ല. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷമാണ്.

Print Friendly, PDF & Email

Leave a Comment

More News