സന്തോഷം വിലാപമായി മാറി; മൂന്നു നില കെട്ടിടത്തിന് തീ പിടിച്ച് 5 കുടുംബാംഗങ്ങൾ മരിച്ചു

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മൂന്നു നിലക്കെട്ടിടത്തിൽ പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തു മരിച്ചു. ഗൽഷഹീദ് പോലീസ് സ്റ്റേഷൻ പരിധിയിലെ അസലത്പുരയിലെ മൂന്ന് നിലകളുള്ള വീടിന്റെ ഗോഡൗണിൽ വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നാഫിയ (7), ഇബാദ് (3), ഉമേമ (12), ഷാമ പർവീണ്‍ (35), ഖമർ ആര (65) എന്നിവരാണ് മരിച്ചത്. നിരവധി പേരെ രക്ഷപ്പെടുത്തിയതായും പറയപ്പെടുന്നു.

അതേസമയം വീടിനടിയിൽ പഴയ ടയറുകളുടെ ഗോഡൗണുണ്ടായിരുന്നതിനാൽ തീപിടിത്തം രൂക്ഷമായതായും പറയപ്പെടുന്നു. വീട്ടിൽ ആകെ 12 പേരായിരുന്നു താമസിച്ചിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. നിയന്ത്രണവിധേയമാക്കുമ്പോഴേക്കും തീ അതിന്റെ ഭീകരരൂപം പൂണ്ടിരുന്നതായി പറയുന്നു. ഈ വീട്ടിലെ രണ്ട് പെൺകുട്ടികളുടെ വിവാഹം വെള്ളിയാഴ്ച നടക്കാനിരിക്കുകയായിരുന്നു. വീട്ടുകാർ മുഴുവൻ അതിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് തീ പിടുത്തം ഉണ്ടായത്.

തീപിടിത്തം മൂലം വിവാഹത്തിന്റെ സന്തോഷം വിലാപമായി മാറി. കുടുംബനാഥനായ ഇർഷാദിന്റെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളും എത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പറയുന്നത്.

അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News