തായ്‌വാന് 1.1 ബില്യൺ ഡോളറിന്റെ ആയുധ വില്പന യു എസ് അംഗീകരിച്ചു; ‘പ്രതിരോധ’ നടപടികളുമായി ചൈന

വാഷിംഗ്ടണ്‍: തായ്‌വാന് 1.1 ബില്യണ്‍ ഡോളറിന്റെ ആയുധ വിൽപ്പന ബൈഡൻ ഭരണകൂടം അംഗീകരിച്ചതോടെ വരാനിരിക്കുന്ന “എതിർ നടപടികളെക്കുറിച്ച്” ചൈന യുഎസിന് മുന്നറിയിപ്പ് നൽകി.

“ചൈന-യുഎസ് ബന്ധങ്ങളെയും തായ്‌വാൻ കടലിടുക്കിലുടനീളം സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി അപകടപ്പെടുത്തുന്ന വിൽപ്പനയെ ബീജിംഗ് ശക്തമായി എതിർക്കുന്നു”, വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു ശനിയാഴ്ച ട്വിറ്ററിൽ സൂചിപ്പിച്ചു. തന്നെയുമല്ല, വാഷിംഗ്ടൺ കരാർ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

അമേരിക്ക ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും, തായ്‌വാന് ആയുധങ്ങൾ വിൽക്കുന്നതിലൂടെ ചൈനയുടെ പരമാധികാരത്തെയും സുരക്ഷാ താൽപ്പര്യങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് ലിയു പെൻഗ്യു ട്വീറ്റിൽ എഴുതി. “തായ്‌വാൻ സ്വാതന്ത്ര്യം” വിഘടനവാദി ശക്തികൾക്ക് തെറ്റായ സൂചനകൾ നൽകുകയും, ചൈന-യുഎസ് ബന്ധത്തെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യുന്നു. തായ്‌വാൻ കടലിടുക്കിലുടനീളം ബന്ധങ്ങളും സമാധാനവും സ്ഥിരതയും ഇല്ലാതാക്കുകയും ചെയ്യുമെന്നും ലിയു പറഞ്ഞു.

“ഏക-ചൈന” തത്വത്തോടുള്ള പ്രതിബദ്ധതയെ മാനിക്കാൻ അദ്ദേഹം വാഷിംഗ്ടണിനോട് ആവശ്യപ്പെടുകയും തായ്‌വാൻ ചൈനീസ് പ്രദേശത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുകയും ചെയ്തു. ബീജിംഗ് “നിയമപരവും ആവശ്യമായതുമായ എതിർപ്പ്” തീര്‍ച്ചയായും സ്വീകരിക്കുമെന്ന് ബൈഡന്‍ ഭരണകൂടത്തിന് ശക്തമായ താക്കീതും നല്‍കി.

അറുപതോളം കപ്പൽ വിരുദ്ധ മിസൈലുകളും നൂറോളം എയർ-ടു എയർ മിസൈലുകളും ഉൾപ്പെടുന്ന നിർദ്ദിഷ്ട ആയുധ വിൽപ്പനയെക്കുറിച്ച് ബൈഡൻ ഭരണകൂടം വെള്ളിയാഴ്ച കോൺഗ്രസിനെ ഔദ്യോഗികമായി അറിയിച്ചതിന് ശേഷമാണ് ലിയുവിന്റെ പ്രസ്താവന പുറത്തുവന്നത്.

ദ്വീപിന് പ്രതിരോധ ആയുധങ്ങൾ നൽകുന്ന ദീർഘകാല യുഎസ് നയത്തിന് അനുസൃതമായാണ് വിൽപ്പനയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരു പ്രസ്താവനയിൽ അവകാശപ്പെട്ടു. അത്തരം ആയുധങ്ങളുടെ “വേഗത്തിലുള്ള വിതരണം” തായ്‌വാന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

സ്പീക്കര്‍ നാന്‍സി പെലോസിയുടെ യാത്രയ്‌ക്കെതിരെ ചൈന കർശനമായ മുന്നറിയിപ്പ് നൽകിയിട്ടും അവര്‍ കഴിഞ്ഞ മാസം തായ്‌വാൻ സന്ദർശിച്ചതു മുതൽ വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരികയാണ്. പെലോസിയുടെ നീക്കത്തോട് ബീജിംഗ് പ്രതികരിച്ചത് ദ്വീപിന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ചുകൊണ്ടാണ്.

അതേസമയം, ഏറ്റവും പുതിയ ആയുധ വിൽപ്പനയെ സ്വാഗതം ചെയ്യുന്നതായി തായ്‌വാൻ ശനിയാഴ്ച പ്രഖ്യാപിച്ചു, “തായ്‌വാനുമായുള്ള സുരക്ഷാ പ്രതിബദ്ധതകൾ തുടർന്നും നടപ്പിലാക്കുന്നതിന്” യുഎസ് സർക്കാരിന് അവര്‍ നന്ദി പറഞ്ഞു.

അമേരിക്കയുടെ തായ്‌വാന്‍ ആയുധ വില്പനയെ നിരുത്തരവാദപരമാണെന്ന് യുകെയിലെ ചൈനീസ് എംബസി അപലപിച്ചു.

ഈ ആഴ്ച ആദ്യം, ലണ്ടനിലെ ചൈനീസ് എംബസി യുകെയുടെ “നിരുത്തരവാദപരമായ വാചാടോപം” എന്ന് വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മുൻനിര മത്സരാർത്ഥി കൂടിയായ ട്രസ്, ബുധനാഴ്ച അംബാസഡർ ഷെങ് സെഗ്വാങ്ങിനെ വിളിച്ചുവരുത്തി, പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ചൈനയുടെ “വർദ്ധിച്ചുവരുന്ന ആക്രമണാത്മക പെരുമാറ്റം” തായ്‌വാന് ചുറ്റുമുള്ള മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന്
സൂചിപ്പിച്ചു.

യുഎസ് ഹൗസ് സ്പീക്കറുടെ തായ്‌വാൻ സന്ദർശനത്തോടുള്ള ചൈനയുടെ നിയമാനുസൃതവും ആവശ്യമായതുമായ പ്രതികരണത്തെക്കുറിച്ചുള്ള യുകെയുടെ നിരുത്തരവാദപരമായ വാചാടോപങ്ങളെ ഷെങ് ശക്തമായി നിരസിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു.

“ചൈനയുടെ അവിഭാജ്യ ഘടകമാണ് തായ്‌വാൻ,” അദ്ദേഹം പറഞ്ഞു. യുകെ ഉൾപ്പെടെ ഒരു വിദേശ രാജ്യത്തിനും ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News