ഫൊക്കാന അസോ. സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി എൽസി ജെയിംസിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി അന്തരിച്ച എൽസി ജെയിംസിന്റെ വേർപാടിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ആയിരുന്ന എൽസിയുടെ ആകസ്മിക നിര്യാണം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജോയി ചാക്കപ്പന്റെ സഹോദരിയെ കാണാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രോഗത്തിന്റെ ഗൗരവവും സർജറിക്കുള്ള തയ്യാറെടുപ്പും നടന്നു വരുന്നതിനാൽ സന്ദർശനം മാറ്റി വയ്ക്കുകയായിരുന്നു. താൻ ഇപ്പോൾ കേരളത്തിലായതിനാൽ അവർക്ക് അശ്രുപൂജയർപ്പിക്കാനായി പോകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാക്കപ്പന്റെ സഹോദരി എൽസിയുടെ വേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജെയിംസിനെയും മകളെയും അമേരിക്കയിൽ മടങ്ങി എത്തിയ ശേഷം താനും ഫൊക്കാനയിലെ ടീം അംഗങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജോയി ചാക്കപ്പന്റെ കുടുംബത്തിനുണ്ടായ രണ്ടാമത്തെ വേദനയാണ് സഹോദരിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് സെക്രെട്ടറി ഡോ. കല ഷഹി അനുശോചന സന്ദേശത്തിൽ പറഞ്ഞു.അമേരിക്കയിൽ കോവിഡ് മഹാമാരി ആരംഭിച്ച കാലത്ത് ചാക്കപ്പന്റെ സഹോദരി എൽസിക്ക് ഏക മകനെ നഷ്ട്ടപ്പെട്ടിരുന്നു. യാതൊരു രോഗവുമില്ലാതെ, യുവത്വത്തിന്റെ പ്രസരിപ്പിൽ നിന്നിരുന്ന മകനെ നഷ്ട്ടപ്പെട്ടപ്പോൾ ചാക്കപ്പന്റെ കുടുംബത്തിന് അത് താങ്ങാനാവാത്ത ആഘാതമായിരുന്നു ഉണ്ടായത്. അതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സഹോദരി എൽസി ചേച്ചിയുടെ വിടവാങ്ങൽ.

ചേച്ചിയുമായി ചാക്കപ്പനുള്ള ആത്മബന്ധം ചാക്കപ്പൻ പലപ്പോഴായി പറയാറുണ്ടായിരുന്നു. ഫൊക്കാന കൺവെൻഷൻ നടക്കുമ്പോഴും ചേച്ചിയുടെ രോഗാവസ്ഥ ചാക്കപ്പനെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്നും ഡോ. കല പറഞ്ഞു. എൽസി ചേച്ചിയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാഗങ്ങൾക്കൊപ്പം താൻ വ്യക്തിപരമായും ഫോക്കാനയുടെ പേരിലും ദുഃഖം പങ്കു വയ്ക്കുന്നതായും ഡോ. കല ഷഹി അറിയിച്ചു. കേരള സന്ദർശനത്തിലായതിനാൽ അവരുടെ മൃതസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ പോയതിനാൽ മടങ്ങിയെത്തുമ്പോൾ പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫനോപ്പം ദുഖാർത്ഥരായ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നും ഡോ. കല പറഞ്ഞു.

ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മിറ്റി- ട്രസ്റ്റി ബോർഡ്- റീജിയണൽ വൈസ് പ്രസിഡന്റുമാർ, മുൻ പ്രസിഡണ്ട് ജോർജി വർഗീസ്, മുൻ സെക്രെട്ടറി സജിമോൻ ആന്റണി,മുൻ ട്രഷറർ സണ്ണി മറ്റമന, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവരും അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News