സൈറസ് മിസ്ത്രിയുടെ മരണം: തകർന്ന കാർ പരിശോധിക്കാൻ ഹോങ്കോങ്ങിൽ നിന്ന് മെഴ്‌സിഡസ് വിദഗ്ധർ മുംബൈയിലെത്തി

താനെ: സൈറസ് മിസ്‌ത്രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനും പരിശോധനയ്‌ക്കുമായി ഹോങ്കോങ്ങിൽ നിന്നുള്ള മെഴ്‌സിഡസ് വിദഗ്ധ സംഘം ചൊവ്വാഴ്ച താനെയിലെ മെഴ്‌സിഡസ് ഷോറൂമിലെത്തി. സംഘം മെഴ്‌സിഡസ് ബെൻസ് കമ്പനിക്ക് റിപ്പോർട്ട് സമർപ്പിക്കും.

പ്രശസ്ത വ്യവസായിയും മുൻ ടാറ്റ സൺസ് ചെയർമാനുമായ മിസ്ത്രി സെപ്തംബർ 4 ന് മുംബൈക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന മിസ്ത്രിയുടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്ന് പാൽഘർ പോലീസ് പറഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മിസ്ത്രി ഉൾപ്പെടെ രണ്ടുപേർ സംഭവസ്ഥലത്തു വെച്ച് മരിക്കുകയും പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിലേക്കും മാറ്റി.

ആവശ്യമുള്ളിടത്ത് ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകുമെന്നും സഹകരിക്കുമെന്നും കാർ നിർമ്മാതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടസമയത്ത് എസ്‌യുവിയിലെ എയർബാഗുകൾ തുറക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കാർ നിർമ്മാതാക്കളോട് പോലീസ് ചോദിച്ചതിന് പിന്നാലെയാണ് ഈ പരാമർശം.

“ഉപഭോക്താവിന്റെ സ്വകാര്യതയെ മാനിക്കുന്ന ഉത്തരവാദിത്തമുള്ള ബ്രാൻഡ് എന്ന നിലയിൽ, ഞങ്ങളുടെ ടീം അധികാരികളുമായി സാധ്യമാകുന്നിടത്ത് സഹകരിക്കുന്നു. കൂടാതെ, ആവശ്യമായ വ്യക്തതകൾ ഞങ്ങൾ അവർക്ക് നേരിട്ട് നൽകും. ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഞങ്ങളുടെ വാഹനങ്ങളെ സജ്ജീകരിക്കുമ്പോൾ ഉത്തരവാദിത്തമുള്ള നിർമ്മാതാവെന്ന നിലയിൽ റോഡ് സുരക്ഷാ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങൾ ഞങ്ങൾ തുടരും,” മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

“നിർഭാഗ്യകരമായ റോഡപകടത്തിൽ സൈറസ് മിസ്‌ത്രിയുടെയും ജഹാംഗീർ പണ്ടോളിന്റെയും അകാല വിയോഗത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അതേ സമയം അനാഹിത പണ്ടോളും ഡാരിയസ് പണ്ടോളും സുഖം പ്രാപിക്കുന്നു എന്നറിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ”അത് കൂട്ടിച്ചേർത്തു.

കാർ നിർമ്മാതാക്കളുടെ കമ്പനിയോട് പാൽഘർ പോലീസ് നിരവധി ചോദ്യങ്ങൾ ചോദിച്ചിരുന്നു. “എന്തുകൊണ്ടാണ് എയർബാഗുകൾ തുറക്കാത്തത്? വാഹനത്തിന് മെക്കാനിക്കൽ തകരാർ ഉണ്ടായിരുന്നോ? കാറിന്റെ ബ്രേക്ക് ഫ്ലൂയിഡ് എന്തായിരുന്നു? ടയറിന്റെ മർദ്ദം എന്തായിരുന്നു?”

Print Friendly, PDF & Email

Leave a Comment

More News