മകളുടെ യാത്രാ ഇളവ് ചോദിച്ചറിയാന്‍ ശ്രമിച്ച പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മര്‍ദ്ദിച്ചു

തിരുവനന്തപുരം: മകളുടെ യാത്രാ ഇളവ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം കാട്ടാക്കട കെ‌എസ്‌ആര്‍‌ടി‌സി ബസ് സ്റ്റേഷനിൽ മകളുടെ മുന്നിൽ വെച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മര്‍ദ്ദിച്ചു.

രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ മകളുടെ കൺസഷൻ കാർഡ് പുതുക്കാൻ വൈകിയതിനെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ആമച്ചൽ സ്വദേശി പ്രേമൻ രാവിലെ ബസ് ഡിപ്പോയിലെത്തിയപ്പോഴാണ് സംഭവം.

കൗണ്ടറിലുണ്ടായിരുന്ന ഒരു ജീവനക്കാരൻ കോഴ്‌സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും അത് അടുത്ത ദിവസം ഹാജരാക്കാമെന്ന് പ്രേമൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നതായി രക്ഷിതാവ് പരാതിപ്പെട്ടതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചത്. മൂന്നു മാസമായി താന്‍ കണ്‍സെഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമലനെ മര്‍ദ്ദിക്കുകയുമായിരുന്നു. വാക്ക് തർക്കം പിന്നീട് കൈയ്യേറ്റമായി മാറുകയായിരുന്നു. പിതാവിനെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച മകള്‍ക്കും പരിക്കേറ്റു.

പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ കൂടിയായ പ്രേമനെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി എംഡിയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാര്‍ പ്രേമനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മകളുടെ മുന്നിലിട്ട് ഒന്നും ചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പ്രേമന്‍ പറയുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദ്ദിച്ചെന്ന് മകള്‍ ആരോപിച്ചു. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന്റെ വീഡിയോ വഴിയാത്രക്കാരൻ പകർത്തിയത് വൻ പ്രതിഷേധത്തിനിടയാക്കി.

സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും (കെഎസ്ആർടിഇയു) ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News