MAP ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും കലാമേന്മകൊണ്ടും ശ്രദ്ധേയമായി

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (MAP) ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും കലാമേന്മകൊണ്ടും ശ്രദ്ധേയമായി . ശ്രീജിത്ത് കോമത്തിന്റെ നേതൃത്വത്തിൽ കേരളത്തനിമയോടെ ഒരുക്കിയ അത്തപൂക്കളവും, താലപ്പൊലിയേന്തിയ മലയാളിമങ്കമാരുടെ അകമ്പടിയോടെ ചെണ്ടമേളവും ആർപ്പുവിളികളുമായി മാവേലിമന്നനെ മാപ്പ് ഭാരവാഹികൾ വേദിയിലേക്ക് ആനയിച്ചു. മാപ്പ് ജനറൽ സെക്രട്ടറി ശ്രീ ജോൺസൺ മാത്യു സ്വാഗതം പറഞ്ഞു. ശ്രീജിത്ത് കോമത്ത് സിജു ജോൺ എന്നിവരായിരുന്നു മാസ്റ്ററോഫ് സെറിമണി.

റേച്ചൽ ഉമ്മൻ അമേരിക്കൻ നാഷണൽ ആന്തവും ബിജു എബ്രഹാം ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. ഇത്തവണത്തെ ഓണാഘോഷത്തിന്റെ മുഖ്യ അതിഥി അരൂർ MLA യും പ്രശസ്ത പിന്നണി ഗായികയുമായ ദലീമ ജോജോ ആയിരുന്നു. കൌൺസിൽ മാൻ ഡേവിഡ് ഓ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് എലെക്ട് ജേക്കബ് തോമസ് തുടങ്ങി ധാരാളം പ്രമുഖർ പങ്കെടുത്തു.

പ്രസിഡന്റ് തോമസ് ചാണ്ടി മാപ്പ് ഈ വർഷം നടത്തിയ എല്ലാ പരിപാടികളുടെയും ഹൈലൈറ്സ് കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. വ്യത്യസ്ഥതകൊണ്ടും ജനപങ്കാളിത്തം കൊണ്ടും സജീവമായ ഒരു വർഷമായിരുന്നു മാപ്പിന് 2022. എന്നും അഭിമാനിക്കാവുന്ന ഈ നേട്ടം നേടിത്തന്ന എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും പ്രസിഡന്റ് അറിയിച്ചു. ഇത്തവണത്തെ ഫോമ മെക്സിക്കോ കൺവെൻഷനിൽ മാപ്പ് മികച്ച സംഘടനായി തെരഞ്ഞെടുത്ത സന്തോഷം പ്രസിഡന്റ് തോമസ് ചാണ്ടി സദസ്സുമായി പങ്കുവെച്ചു.

സിർലി ജീവനും സംഘവും അവതരിപ്പിച്ച ഓണം ട്രീറ്റ് സദസ്സിന്റെ കൈയ്യടി നേടി. ഈ വർഷത്തെ മാപ്പ് കമ്മ്യൂണിറ്റി അവാർഡ് കമ്മിറ്റി അംഗങ്ങളായ സാബു സ്കറിയ ഷാലു പുന്നൂസിനും അലക്സ് അലക്സാണ്ടർ ഡേവിഡ് ഓ യ്ക്കും ജെയിംസ് പീറ്റർ ശ്രീദേവി അജിത്തിനും സമ്മാനിച്ചു. മാപ്പു സംഘടിപ്പിച്ച ബൈക്ക് റാലിയിലൂടെ ലഭിച്ച തുക ഭവനരഹിതരായ ആളുകൾക്ക് ഭക്ഷണം നൽകുന്ന “Chosen 300” സംഘടനക്ക് കൗൺസിൽമാൻ ഡേവിഡ് ഓ കൈമാറി.

മുഖ്യാഥിതി ദലീമ ജോജോ ഓണസന്ദേശത്തോടൊപ്പം മനോഹരമായ ഓണപ്പാട്ടും പാടി സദസിന്റെ കൈയടി നേടി. ഡോക്ടർ ആനീ അബ്രഹാമിന്റെ മോഹിനിയാട്ടം, ഐഷാനി കോമത്ത്, ഗൗരി നായർ എന്നിവരുടെ ബോളിവുഡ് നൃത്തം, സൂസൻ ജേക്കബ് അവതരിപ്പിച്ച സെമിക്ലാസ്സിക്കൽ നൃത്തം, പൂജ ഗോപാലകൃഷ്ണന്റെ ക്ലാസിക്കൽ നൃത്തം എന്നിവ സദസ്സിനെ പ്രൗഢമാക്കി. ഫിലാഡൽഫിയയിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളായ നൂപുര ഡാൻസ് അക്കാദമി, ലാസ്യ ഡാൻസ് അക്കാദമി, ബ്ലൂ മൂൺ, റൈസിംഗ് സ്റ്റാർ,ഹാപ്പി ഫീട്സ് എന്നിവരുടെ പ്രകടനങ്ങൾ, അഭിയ മാത്യു, കെവിൻ, ഹിൽഡ, റേച്ചൽ ഉമ്മൻ, സ്റ്റെഫിൻ മനോജ്, ബിജു അബ്രഹാം , പ്രസാദ് തുടങ്ങിയവരുടെ ഗാനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.

ഇത്തവണ മെക്സിക്കോ കൺവെൻഷനിൽ വിജയിച്ച പുതിയ ഫോമാ ഭാരവാഹികളെ മാപ്പ് വേദിയിൽ സ്വീകരണം നൽകി ആദരിച്ചു. ഫിലാഡെൽഫിയിലെ സഹോദര സംഘടന നേതാക്കൾ, ഡൽമാ, കാഞ്ച് , കല , ഫൊക്കാന, ട്രൈസ്റ്റേറ്റ് സംഘടനകളുടെ നേതാക്കൾ എന്നിവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം സദസ്സിനെ രോമാഞ്ചം കൊള്ളിച്ചുകൊണ്ടു പ്രശസ്ത ബോളിവുഡ് ഡാൻസർ നീരവ് ഭവ്‌ലെച്ച ഒരുക്കിയ DJ ശരിക്കും ഒരു കലാശക്കൊട്ടായിരുന്നു. ട്രെഷറർ കൊച്ചുമോൻ വയലത്തു അതിഥികളോടും പെർഫോർമേഴ്‌സിനോടും വിവിധ സബ് കമ്മിറ്റികളോടും മാപ്പ് കുടുംബാംഗങ്ങളോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. അടുത്തകാലത്തെ മികച്ച ഒരു ഓണാഘോഷം സംഘടിപ്പിച്ച ചാരിതാർഥ്യത്തിലായിരുന്നു മാപ്പ് കമ്മിറ്റി അംഗങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News