പുനർവിവാഹ പരസ്യം ചെയ്ത യുവാവിനെ വശീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: പുനർവിവാഹ പരസ്യദാതാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുറ്റന്തുറ വീട്ടിൽ ആര്യ (36) യെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.

2020 മെയ് 4 മുതൽ കടപ്ര കോയിപ്രം സ്വദേശി അജിത്ത് എന്ന യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് യുവതി രണ്ട് ഫോണുകളിൽ നിന്ന് യുവാവുമായി തുടർച്ചയായി ബന്ധപ്പെടാറുണ്ടായിരുന്നു. തന്റെ സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് യുവാവിനെ വിശ്വസിപ്പിച്ച് 2020 മെയ് 17 നും ഡിസംബർ 22 നും ഇടയിൽ അമ്മയുടെ ചികിത്സയ്ക്കാണെന്ന് ധരിപ്പിച്ച് 4,15,500 രൂപ ബാങ്ക് ഇടപാടുകൾ വഴി പലതവണ തട്ടിയെടുത്തു. കൂടാതെ 22,180 രൂപയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു.

ചതിയ്ക്കപ്പെട്ടെന്ന് മനസിലാക്കിയ അജിത് ഈ വർഷം ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയ്ക്ക് സഹോദരി ഇല്ലെന്ന് കണ്ടെത്തി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതി പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് യുവതിയെ പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. യുവതിയില്‍ നിന്ന് പിടിച്ചെടുത്ത ഫോൺ യുവാവിൽ നിന്ന് വാങ്ങിയതാണെന്ന് യുവതി സമ്മതിച്ചു. ഈ യുവതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്നും പണം ക്രയവിക്രയം നടത്തിയതിലും കൂടുതൽ അന്വേഷണം നടന്നുവരികയാണ്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News