ഹൂസ്റ്റണില്‍ നിന്നുള്ള രണ്ടു ഡോക്ടര്‍മാരെ നോബേല്‍ സമാധാന പുരസ്‌കാരത്തിനു നോമിനേറ്റ് ചെയ്തു

ഹൂസ്റ്റണ്‍: ആഗോളതലത്തില്‍ മെഡിക്കല്‍ ക്യാപിറ്റല്‍ എന്ന ബഹുമതി ഹൂസ്റ്റനു ലഭിക്കുമോ. അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന 2022 ലെ നോബല്‍ പീസ് പ്രൈസിന് ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ആന്റ് ബെയ്‌ലല്‍ കോളേജ് ഓഫ് മെഡിസിന്‍ ഡോക്ടര്‍മാരായ ഡോ. പീറ്റര്‍ ഹോട്ട്‌സ്, ഡോ. മറിയ ഇലാന ബോട്ടസ്സി എന്നിവര്‍ അര്‍ഹരാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ഹൂസ്റ്റണ്‍ നിവാസികള്‍. ഇവര്‍ ഇതിനകം തന്നെ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

ഇവര്‍ വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന് ഇന്തോനീഷ്യയില്‍ അടിയന്തിര അംഗീകാരം ലഭിച്ചു.ഇന്തോനീഷ്യ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയായ ബയോഫാര്‍മ ഇന്തോ വാക്‌സീനു വേണ്ടി പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചെടുത്തത് ഈ രണ്ടു ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമത്തിന്റെ പരിണിത ഫലമായിരുന്നു.

ഇരുപതു മില്യണ്‍ ഡോസ് വാക്‌സിന്‍ ഉണ്ടാകാനാണ് ബയോഫാര്‍മ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇസ്ലാമിക് നിയമങ്ങള്‍ക്കു വിധേയമായി ഈ വാക്‌സീനു അംഗീകാരം ലഭിക്കുന്നതിനുള്ള അവസാന ശ്രമങ്ങളാണു രണ്ടു ഡോക്ടര്‍മാരും ചേര്‍ന്നു നടത്തുന്നത്.

സാമൂഹ്യ നന്മക്കുവേണ്ടി സയന്‍സിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി ഡോക്ടര്‍മാര്‍ നടത്തുന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ അമൂല്യനിമിഷങ്ങളാണ് തങ്ങളെ നോബല്‍ പ്രൈസിന് നോമിനേറ്റ് ചെയ്തതിലൂടെ ലഭിച്ചരിക്കുന്നതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News